BREAKING NEWSWORLD

പിള്ളേരെ ഓണ്‍ലൈന്‍ ക്ലാസില്‍ കയറ്റാന്‍ അശ്ലീല വെബ്‌സൈറ്റില്‍ കണക്ക് പാഠങ്ങള്‍ പോസ്റ്റ് ചെയ്ത് അദ്ധ്യാപകന്‍, സംഭവം സക്‌സസ്

കൊവിഡ്19 മഹാമാരി മൂലം അധ്യാപനത്തിലും പഠനത്തിലും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. ഓണ്‍ലൈന്‍ പഠനത്തിലേക്ക് നാം ചുവട് മാറിയത് പെട്ടന്നായിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നതിനായി സൂമിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും മാറിയതോടെ ഓണ്‍ലൈന്‍ പഠനം ഒരു പുത്തന്‍ രീതിയായി മാറി. പക്ഷെ ഓണ്‍ലൈന്‍ പഠനത്തിന് അതിന്റെതായ ചില പ്രശ്‌നങ്ങളുമുണ്ട്.
തായ്‌വാനിലെ ഒരു ഗണിത അധ്യാപകന്‍ നേരിട്ട പ്രശ്‌നം കുട്ടികള്‍ തന്റെ ഓണ്‍ലൈന്‍ ക്ലാസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്. ഇതിനൊരു പോംവഴി തേടിയ അധ്യാപകന്‍ ഒടുവില്‍ ചെയ്തതെന്തെന്നോ? ഗണിതവുമായി വിദൂരമായി പോലും ബന്ധമില്ലാത്ത അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ്ബില്‍ ക്ലാസുകള്‍ അപ്‌ലോഡ് ചെയ്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും, പോണ്‍ഹബില്‍ 200ലധികം ഗണിത പാഠങ്ങള്‍ ഈ അദ്ധ്യാപകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകളും പൂര്‍ണ്ണമായും ലൈംഗിക ഉള്ളടക്കമില്ലാത്തതും, ഗണിത പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്.
ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള കഴിഞ്ഞ 15 വര്‍ഷമായി തായ്‌വാനീസ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകന്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ ആദ്യം യൂട്യൂബിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പകുതിയോടെ പോണ്‍ഹബ്ബില്‍ ക്ലാസുകള്‍ പോസ്റ്റ് ചെയ്യാനാരംഭിച്ചു.
മെല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍, അശ്ലീല വെബ്‌സൈറ്റിന്റെ ജനപ്രീതി കാരണം അതില്‍ വീഡിയോകള്‍ പങ്കിടാന്‍ തുടങ്ങിയെന്ന് 34 കാരനായ അധ്യാപകന്‍ പറഞ്ഞു. ‘പോണ്‍ഹബ്ബ് പോലെയുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍ കാണുന്ന ധാരാളം ആളുകള്‍ ഉള്ളതുകൊണ്ട് എന്റെ വീഡിയോകള്‍ അവിടെ അപ്‌ലോഡ് ചെയ്തു. അപ്പോള്‍ ധാരാളം ആളുകള്‍ അവ കാണുമല്ലോ,’ അദ്ധ്യാപകന്‍ മാഗസിനോട് പറഞ്ഞു.
200ലധികം വിഡിയോകള്‍ പോണ്‍ഹബ്ബില്‍ അപ്‌ലോഡ് ചെയ്ത തന്റെ ചാനലിന് പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുറഞ്ഞ കാലത്തിനുള്ളില്‍ അധ്യാപകന് സാധിച്ചുവത്രെ. അദ്ധ്യാപകന്റെ വീഡിയോകള്‍ വെബ്‌സൈറ്റില്‍ വന്‍ ഹിറ്റാണ്. ചിലത് 1.6 ദശലക്ഷത്തിലധികം വ്യൂ നേടിയിട്ടുണ്ട്.

Related Articles

Back to top button