BREAKING NEWSWORLD

‘പുടിന്‍ യുദ്ധക്കുറ്റവാളി’യെന്നു ബൈഡന്‍, പൊറുക്കില്ലെന്നു റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ യുക്രൈനില്‍ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമര്‍ശം ബൈഡന്‍ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്ക എത്തിച്ചു.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപേരെ കൊന്നൊടുക്കിയതിന്റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ റഷ്യന്‍ ഭരണകൂടത്തില്‍ ബൈഡന്റെ പ്രസ്താവനയോടുള്ള അമര്‍ഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, റഷ്യ യുക്രൈനില്‍ രാസ, ജൈവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവന്‍ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ജനറല്‍ നികോളായ പട്രുഷേവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി ഫെബ്രുവരിയില്‍ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മില്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ യുക്രൈനില്‍ രാസ, ജൈവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് ലോകം ആശങ്കയോടെയാണ് കാണുന്നത്. ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കയും റഷ്യയും പരസ്പരം രാസായുധങ്ങള്‍ യുക്രൈനിലെത്തിക്കുന്നുവെന്ന് പഴി ചാരിയെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. ക്രെംലിനിലെ പുടിന്റെ ഏറ്റവും വലിയ മൂന്ന് വിശ്വസ്തരില്‍ ഒരാളാണ് ജനറല്‍ പെട്രുഷേവ്. 1970കള്‍ മുതല്‍ പുടിനൊപ്പമുള്ള മനസ്സാക്ഷിസൂക്ഷിപ്പുകാരില്‍ ഒരാള്‍.

Related Articles

Back to top button