BREAKING NEWSLATESTNATIONAL

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; പട്ടികയില്‍ അനില്‍ അംബാനിയും

ന്യൂഡല്‍ഹി: പെഗഗസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോര്‍ന്നത് എന്നാണ് വിവരം. അതേസമയം, ഇപ്പോള്‍ അനില്‍ അംബാനി ഈ നമ്പര്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. റിലയന്‍സ് കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കേഷന്‍ മേധാവിയുടെ പേരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റഫാല്‍ കമ്പനി ദസോ ഏവിയേഷനുമായി ബന്ധപ്പെട്ട ചിലരുടെ നമ്പരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദസോ ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധിയായ വെങ്കിടറാവു പോത്തേനി, സാബ് മേദാവി ഇന്ദ്രജിത്ത് സിയാല്‍, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ എന്നിവരൊക്കെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലിമെന്റ് ഐടി സമിതി ഇടപെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തും. ശശി തരൂര്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.
ബി ടി വിത്തുകമ്പനി ഉദ്യോഗസ്ഥരുടെ പേരുകളും പെഗസസ് വഴി ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉണ്ട്. മഹിക്കോ മൊണ്‍സാന്റോ ബയോടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മൊണ്‍സാന്റോ ഇന്ത്യ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളാണ് പട്ടികയിലുള്ളത്.
2018ല്‍ അന്നത്തെ മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയ സമയത്താണ് ചോര്‍ച്ച. അസമിലെ എഎഎസ്‌യു നേതാവ് സമുജ്ജല്‍ ഭട്ടചാര്യ, യുഎല്‍എഫ്എ നേതാവ് അനുപ് ചേതിയ, മണിപൂരി എഴുത്ത് കാരന്‍ മാലേം നിങ്‌തോജ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ട്.

Related Articles

Back to top button