BREAKING NEWSKERALA

‘പ്രതിപക്ഷത്തിന് അസഹിഷ്ണുത’, സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണം കേരളപോലീസിന്റെ അറിവോടെയാണെന്നും, യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയാമെന്നും ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയനോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു.
ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനയ്ക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രമേയം സഭക്ക് പുറത്ത് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.

Related Articles

Back to top button