BREAKING NEWSGULFNRI

പ്രവാസികള്‍ കുവൈറ്റിനോട് ഗുഡ്‌ബൈ പറയുന്നു, ഒരു വര്‍ഷത്തിനിടെ മടങ്ങിയത് ഹോട്ടല്‍ ജീവനക്കാരായ 8600ലേറെ പേര്‍

കുവൈറ്റ് സിറ്റി: ആവശ്യമായ വിദഗ്ധ ജോലിക്കാരെ ലഭിക്കാത്തതിനാല്‍ കുവൈറ്റിലെ ഹോട്ടല്‍ വ്യവസായം വന്‍ പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനാവാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 8641 ഹോട്ടല്‍ ജീവനക്കാരായ പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് നാടുകളിലേക്ക് തിരികെ പോയതായാണ് കണക്കുകള്‍.
കുക്ക്, ബെയ്ക്കര്‍, സ്വീറ്റ് മെയ്ക്കര്‍ തുടങ്ങി പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യമാണ് കുവൈറ്റിലുള്ളതെന്ന് റെസ്റ്റൊറന്റ് ഫെഡറേഷന്‍ തലവന്‍ ഫഹദ് അല്‍ അര്‍ഹബാഷ് പറഞ്ഞു. ഇത്തരം ജോലികള്‍ ചെയ്യുന്നവരെ നിലവില്‍ കുവൈറ്റിലുള്ള മറ്റു ജോലിക്കാര്‍ക്കിടയില്‍ നിന്ന് റിക്രൂട്ട് ചെയ്യുക പ്രയാസമാണ്. അവര്‍ക്ക് പരിശീലനം നല്‍കിയാല്‍ പോലും എളുപ്പത്തില്‍ ഇത്തരം ജോലികള്‍ പഠിച്ചെടുക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ തൊഴിലാളികളുടെ ക്ഷാമം കാരണം നിലവിലുള്ളവര്‍ക്ക് വന്‍തുക ശമ്പളമായി നല്‍കേണ്ട സ്ഥിതിയും ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആളുകള്‍ കുറവായതിനാല്‍ ഉള്ളവര്‍ക്ക് വന്‍ ഡിമാന്റാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പലരും നല്ല ശമ്പളം കിട്ടുന്ന സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്ന സ്ഥിതിയുമുണ്ട്. തൊഴിലാളികളുടെ ക്ഷാമം കാരണം നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ട ശമ്പളം നല്‍കിയാല്‍ പോലും ആളുകളെ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് ഹോട്ടല്‍ ഉടമകളുടെ പ്രതിനിധിയായ ജബര്‍ അല്‍ ഷരീഫ് പറഞ്ഞു.
ഹോട്ടലിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നേരത്തേ 150 ദിനാറായിരുന്നത് ഇപ്പോള്‍ 300 ദിനാറായി ഉയര്‍ന്നു. കുക്ക് ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പളം 400ല്‍ നിന്ന് ആയിരത്തിലേറെ ദിനാറായാണ് വര്‍ധിച്ചത്. ഡെലിവറി ജീവനക്കാരുടെ ശമ്പളം 350 ദിനാറായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 2089 പ്രവാസികളെ പിരിച്ചുവിട്ടതായി കണക്കുകള്‍. 2021 മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള കണക്കുകളാണിത്. ഇതേ കാലയളവില്‍ 10,780 സ്വദേശികളെ സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കുകയും ചെയ്തു. സ്വദേശികളും പ്രവാസികളും തമ്മിലെ അനുപാതം ശരിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിരിച്ചുവിടല്‍ നടപടിയെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
മാര്‍ച്ച് 24ന് സര്‍ക്കാര്‍ മേഖലകളില്‍ 71,600 പ്രവാസികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ആഗസ്ത് 17 ആകുമ്പോഴേക്കും 69,511 പേരായി കുറഞ്ഞു. അതേ സമയം, സര്‍ക്കാര്‍ മേഖലകളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം മാര്‍ച്ചിലെ 3,08,409ല്‍ നിന്ന് ആഗസ്ത് ആകുമ്പോഴേക്ക് 3,19,189 ആയി വര്‍ധിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയുണ്ടായത് മെഡിക്കല്‍, ആരോഗ്യ, അധ്യാപന മേഖലകളിലാണ്. മറ്റ് വിദ്യാഭ്യാസ, പരിശീലന രംഗങ്ങളിലും അവര്‍ക്ക് ജോലി നഷ്ടമായി.

Related Articles

Back to top button