ENTERTAINMENTMALAYALAM

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ചലച്ചിത്ര-നാടകഗാന മേഖലയിലെ അതുല്യ പ്രതിഭയായ തോപ്പില്‍ ആന്റോ ആയിരത്തിലേറെ നാടകങ്ങളില്‍ പാടിയിട്ടുണ്ട്.

ചലച്ചിത്ര ഗാനങ്ങളിലും നാടക ഗാനങ്ങളിലും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് തോപ്പില്‍ ആന്റോ. എറണാകുളത്ത് ഒട്ടേറെ ഗാനമേളകളിലും അദ്ദേഹം പാടി. മുഹമ്മദ് റാഫിയുടെ ഹിറ്റുകളായിരുന്നു തോപ്പില്‍ ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകള്‍. നിരവധി ട്രൂപ്പുകളിലും പാടിയിട്ടുണ്ട്.

1940ലായിരുന്നു ജനനം. കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് ചുവടുവെച്ച് തുടങ്ങിയത്. 1963ല്‍ ഫാദര്‍ ഡാമിയന്‍ എന്ന ചിത്രത്തിലേതായിരുന്നു ആദ്യ സിനിമാ ഗാനം. പിന്നീട് രാഷ്ട്രീയ നാടകങ്ങളില്‍ ഉള്‍പ്പെടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കലാരംഗത്ത് സജീവമായി. 1956-57 കാലഘട്ടത്തില്‍ നാടക പിന്നണി ഗാനരംഗത്തേക്കെത്തി. വിഷവൃക്ഷം ആയിരുന്നു ആദ്യ നാടകം. 1982ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ലളിതഗാന പുരസ്‌കാര ജേതാവാണ്. ബേണി ഇഗ്നേഷ്യസിനൊപ്പം കലാപം എന്ന സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. എന്‍.എന്‍ പിള്ളയുടെ ആത്മബലി നാടകത്തിലെ കാട്ടരുവിയും കടലും എന്ന ഗാനം ഏറെ ശ്രദ്ധനേടി.

പതിനഞ്ചോളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച ഗായകനായി മലയാള സിനിമാ രംഗത്ത് എക്കാലത്തും തിളങ്ങി നിന്ന വ്യക്തിയായ തോപ്പില്‍ ആന്റോ ഹണി ബീ 2 എന്ന ചിത്രത്തിലാണ് അവസാനമായി പാടിയത്.

Related Articles

Back to top button