BREAKING NEWSKERALA

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡിക്കെതിരെ ലൈംഗിക പീഡന പരാതി; പൊലീസ് കേസെടുത്തു

കോട്ടയം: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡിക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. എംഡി ബി. പ്രമോദിന് എതിരെ കോര്‍പറേഷനിലെ ജീവനക്കാരിയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
2020 മുതല്‍ വിവിധ സമയങ്ങളിലായി എംഡി നടത്തിയ ലൈംഗിക താല്‍പര്യത്തോടെ ഉള്ള ഇടപെടലുകള്‍ വിവരിക്കുന്നതാണ് പരാതി. എംഡിയുടെ മുറിയില്‍വെച്ച് ലൈംഗിക താല്‍പര്യത്തോടെ ശരീരത്ത് സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു. പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചു. തന്റെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണം എന്നും ഇല്ലെങ്കില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുമെന്നും സ്ഥാപന മേധാവി കൂടിയായ എം ഡി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
പല സമയങ്ങളിലും ശരീരത്തെ സ്പര്‍ശിച്ചത് കൂടാതെ അനാവശ്യമായി എംഡിയുടെ മുറിയില്‍ തടഞ്ഞുവെച്ചു. കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാല്‍ എംഡി യുടെ മുറിയില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിന്റെ പേരില്‍ ആവശ്യമില്ലാതെയും വിളിച്ചുവരുത്തി. തൃശ്ശൂരില്‍ മീറ്റിങ്ങിന് പോകുന്ന വഴി കാറില്‍ വച്ച് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതായും പരാതിയില്‍ പറയുന്നു.
കോവിഡ് സമയത്ത് ഭര്‍ത്താവിന് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടികളുമായി ഓഫീസിലെത്തിയപ്പോള്‍ സെക്യൂരിറ്റി ഓഫീസറെ അറിയിച്ചു കുട്ടികളെ പുറത്ത് നിര്‍ത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. ഇതെല്ലാം എംഡിയുടെ താല്‍പര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ഓഫീസിലെ സെര്‍വര്‍ തകരാറ് പരിഹരിച്ചതിനുശേഷവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കുട്ടികളെ മറ്റുള്ളവര്‍ ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ തന്റെ കാര്യത്തില്‍ മാത്രം ഇത് തടഞ്ഞു. ഇത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥനയുമായി എത്തിയപ്പോഴും തന്റെ ആഗ്രഹത്തിന് വഴങ്ങണമെന്ന നിലപാടാണ് എംഡി സ്വീകരിച്ചത്. അവഹേളനം തുടര്‍ന്നതോടെ സ്ഥാപനത്തിലെ ആഭ്യന്തര സമിതിക്ക് പരാതി നല്‍കി.
പരാതി എംഡിക്കെതിരെ ആയതുകൊണ്ട് കളക്ടറേറ്റ് സെല്ലിലേക്ക് ഇത് കൈമാറി. ഇതോടെ തുടര്‍ന്ന് ഓഫീസില്‍ ജോലിക്ക് എത്തിയപ്പോള്‍ മെയ് മൂന്നിന് വേല വിലക്ക് ഏര്‍പ്പെടുത്തി ജോലിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതിയില്‍ പറയുന്നു. വനിതാ വിഭാഗങ്ങളില്‍ നിന്ന് തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ എം ഡി ബോധപൂര്‍വം എഴുതി വാങ്ങിയതായി പരാതിയില്‍ പറയുന്നു. ക്രൂരമായ മാനസിക പീഡനമാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഏല്‍ക്കേണ്ടിവന്നത്.
2020 ജൂണ്‍ മുതല്‍ 2021 ഏപ്രില്‍ വരെ ഉള്ള സംഭവങ്ങള്‍ ആണ് പരാതിയില്‍ വിശദമായി പറയുന്നത്. മാനഹാനി ഉണ്ടാകും എന്ന് കരുതിയാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പറയുന്നു. സംഭവത്തില്‍ ഐപിസി 364 എ വകുപ്പ് അനുസരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, അച്ചടക്കനടപടി ഉണ്ടാകുന്നതിനാലുള്ള വ്യാജപരാതി ആണ് പെണ്‍കുട്ടി മുന്നോട്ട് വെക്കുന്നത് എന്നാണ് എംഡിയുടെ വാദം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം

Related Articles

Back to top button