കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് വിവാദത്തില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീന് ഇന്ന് പാണക്കാട്ടെത്തി മുസ്ലീംലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കും. വിവാദവുമായി വിശദീകരണം നല്കാന് ലീഗ് ഖമറുദീനോട് ആവശ്യപ്പെട്ടിരുന്നു. ചന്തേര പൊലീസാണ് ഖമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഖമറുദീനെതിരെ 14 കേസുകള്‍ കൂടി ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസര്‍കോട് ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറാനാണ് സാദ്ധ്യത.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കാസര്‍കോട് പൊലീസ് മേധാവി ഡി. ശില്പയുടെ കീഴില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറാണ് നിലവില്‍ കേസന്വേഷിക്കുന്നത്.
ഫാഷന്‍ ഗോള്‍ഡ് കമ്പനിക്ക് വേണ്ടി നിക്ഷേപകരില്‍നിന്ന്
പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്കിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടില്‍ ആരോപിതനായ ട്രസ്റ്റ് ചെയര്മാന് കൂടിയായ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന്, മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസടുത്തത്.