ബെംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത 20കാരിയ്ക്കെതിരെ ബാലവിവാഹത്തിന് കേസ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം കര്‍ണാടകയിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് യുവതിയെന്ന് പോലീസിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാര്‍ത്താചാനലായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ യുവതി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് യുവാവിനെ ഇരുപതുകാരി വിവാഹം കഴിക്കുകയും ചെയ്തു. തനിക്ക് 21 വയസുണ്ടെന്നായിരുന്നു ആണ്‍കുട്ടി യുവതിയോട് പറഞ്ഞിരുന്നത്. യഥാര്‍ഥ പ്രായം മറച്ചുവെച്ചായിരുന്നു വിവാഹമമെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ പതിനാറിന് ബെംഗളുരുവിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആണ്‍കുട്ടിയുടെ വീട്ടുകാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയ്ക്കും വിവാഹത്തില്‍ പങ്കെടുത്ത ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
‘വിവാഹം നടത്തിയ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരേയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. ആണ്‍കുട്ടിയും യുവതിയും നിലവില്‍ രണ്ടിടത്താണ് താമസിക്കുന്നത്’ ചിക്കമംഗളൂരു എസ്പി ഹാകയ് അക്ഷയ് മച്ചീന്ദ്ര പറഞ്ഞു.
ഗുജറാത്തില്‍ 23കാരി പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബെംഗളൂരുവില്‍ നിന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്. ഗുജറാത്തിലെ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.
47 1 minute read