KERALALATEST

ബസ് ചാര്‍ജ് കൂട്ടണം; ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി ബസുടമകള്‍

ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ടുവച്ചു. നിരക്ക് വര്‍ധനവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ പതിനെട്ട് മാസമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. പല ബസുകളും കട്ടപ്പുറത്താണ്. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടും 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവ നഷ്ടത്തിലാണ്. പലര്‍ക്കും ഭീമമായ നഷ്ടമുണ്ടെന്നും ബസ് ചാര്‍ജ് വര്‍ധനയാണ് പരിഹാരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും കണ്ടു.

നിലവില്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം 30 ന് മുന്‍പ് തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button