BREAKING NEWSKERALA

ബസ് ടിക്കറ്റ് നിരക്ക് കൂട്ടും, എന്നുമുതലെന്നു ഉടന്‍ തീരുമാനിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ധനവില വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് സര്‍ക്കാര്‍ യോജിച്ചു. സര്‍ക്കാര്‍ പുതിയ നിര്‍ദേശമൊന്നും മുന്നോട്ടു വച്ചില്ല. ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വര്‍ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ആശയവിനിമയം നടത്തും.
ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍, ഓരോ ഫെയര്‍ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. സംഘടനകളുടെ എല്ലാ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സ്വകാര്യ ബസ് ഉടമകളുടെ 3 അംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മിനിമം നിരക്ക് 8 രൂപയില്‍നിന്ന് 12 ആക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപ ആക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് ഒരു രൂപയില്‍നിന്ന് 6 ആക്കുക, കണ്‍സഷന്‍ ടിക്കറ്റ് ചാര്‍ജിന്റെ 50 ശതമാനം ആക്കുക, കോവിഡ് കഴിയുന്നതുവരെ ടാക്‌സ് ഒഴിവാക്കുക എന്നിവയാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ടാക്‌സ് ഒരു ക്വാട്ടര്‍ ഒഴിവാക്കുകയും ഡിസംബര്‍ 31വരെ സമയം നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button