KERALALATEST

ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ക്ക് പിഴ; ചോദ്യം ചെയ്ത പതിനെട്ടുകാരിക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

കൊല്ലം: ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ് നടപടി.

ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി വരുംവഴി എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു എത്തിയത്. അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നതു കണ്ടപ്പോള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ.

സാമൂഹിക അകലം പാലിച്ചില്ലെന്നായി കുറ്റം. ഇതിനെച്ചൊല്ലിയായി പിന്നീട് ഗൗരിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം. ഉടനെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായി അടുത്ത കുറ്റം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുകയാണ് പൊലീസ്. പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് യുവതി പരാതി നല്‍കി. മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴി പൊലീസ് അറിയിച്ചെന്നും മാപ്പ് പറയില്ലെന്നും മറുപടി നല്‍കിയതായി ഗൗരി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. 2100 പേരാണ് ഇന്ന് അറസ്റ്റിലായത്. 4524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 134 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button