LATESTNATIONAL

മരിച്ചാലും പിന്‍വാങ്ങില്ല; നിതീഷിനെതിരായ പോരാട്ടം തുടരും: ലാലു പ്രസാദ് യാദവ്

ന്യൂഡല്‍ഹി: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ.സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറിലെന്ന് ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ്. മകന്‍ തേജസ്വി യാദവ് കാരണമാണ് താനിപ്പോഴും ജീവിച്ചിരിക്കുന്നതെന്നും പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ലാലു ദീര്‍ഘകാലത്തിന് ശേഷമാണ് പൊതുവേദിയിലെത്തുന്നത്.
ആര്‍ജെഡിയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ലാലു പ്രത്യക്ഷപ്പെട്ടത്. ജാമ്യം ലഭിച്ച ശേഷമുളള ലാലു പ്രസാദ് യാദവിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. വാര്‍ഷിക ചടങ്ങില്‍ തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിച്ച തേജ്വസിയെ ലാലു പ്രസാദ് യാദവ് അഭിനന്ദിച്ചു.
‘സത്യം പറഞ്ഞാല്‍, അവനില്‍ നിന്ന് ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചതല്ല. അദ്ദേഹം സുരക്ഷിതമായി ആര്‍.ജെ.ഡി.യെ നയിച്ചു. ആര്‍ജെഡിക്ക് ശോഭനമായ ഭാവിയുണ്ട്.’, ലാലു പറഞ്ഞു. മരിച്ചാലും രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് തങ്ങള്‍ പിന്‍വാങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലു പ്രസാദിന്റെ നേതൃത്വത്തിലല്ലാതെ ആര്‍ജെഡി ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് കഴിഞ്ഞ തവണയാണ്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറുകയായിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ലാലുവിന് ജാമ്യം ലഭിച്ചത്. തടവുശിക്ഷ അനുഭവിക്കുന്നതിനിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ലാലു കൂടുതല്‍ സമയവും കഴിഞ്ഞിരുന്നത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജനുവരിയില്‍ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button