BREAKING NEWSKERALA

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാഥ്‌റാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്‌റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.

Related Articles

Back to top button