ENTERTAINMENTMALAYALAM

മാലിക്ക് ചെറിയതുറക്കാരനല്ല അത് ബീമാപ്പള്ളിയുമല്ല: മഹേഷ് നാരായണന്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ മാലിക് ആമസോണ്‍ പ്രൈമിലെത്തി കഴിഞ്ഞു. സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതി ഗംഭീര മേക് ഓവറിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് കയ്യടി നേടുമ്പോള്‍ ചിത്രം ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ മാലിക്കിനെപ്പറ്റിയും ഉയര്‍ന്നുവരുന്ന വിവാദങ്ങളെപ്പറ്റിയും പ്രതികരിക്കുകയാണ് മഹേഷ് നാരായണന്‍.
ഞാന്‍ മാലിക്കില്‍ ഒരിടത്തും ബീമാപ്പള്ളി വെടിവയ്പ്പിനെപ്പറ്റി സംസാരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി സംസാരിക്കേണ്ട ആവശ്യവും ഇല്ല. അങ്ങനെ തോന്നുന്നവര്‍ക്ക് അത് തോന്നിക്കോട്ടെ. കേരളത്തില്‍ ഒരുപാട് കലാപങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ ചരിത്രവും എടുത്തുകഴിഞ്ഞാല്‍ ഏതാണ്ട് ഒരേ അര്‍ഥത്തിലാണ് അത് പോകുന്നത്. അതിനകത്ത് ഒരു സമുദായത്തിന്റെ പക്ഷം പിടിച്ചോ അല്ലെങ്കില്‍ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടുമില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒരുജനതയുടെ ഭൂമി എങ്ങനെയാണ് പതുക്കെ പതുക്കെ ഇല്ലാതാകുന്നത് , രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ഇതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ഒരു കലാപം എങ്ങനെയാണ് ജനങ്ങളുടെ ഭാഗത്തേക്ക് തിരിയുന്നത് എന്നൊക്കെയുള്ള അവസ്ഥയാണ്. മനസിലാക്കുന്നവര്‍ മനസിലാക്കുക അല്ലാത്തവര്‍ വിമര്‍ശിക്കുക.
ഫഹദുമായുള്ള കെമിസ്ട്രി എന്താണെന്ന് അറിയില്ല പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്. എല്ലാത്തിലും ഫഹദ് തന്നെയാണല്ലോ എന്ന് ചിന്തിക്കാറുമില്ല. ഒരു കഥയെപ്പറ്റി ചിന്തിച്ചുതുടങ്ങുമ്പോഴേ കഥാപാത്രങ്ങളും മനസ്സില്‍ തെളിയുമല്ലോ ഫഹദിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. വളരെ ക്ഷമയുള്ള ഒരു വ്യക്തിയാണ് ഫഹദ്. ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഏറ്റവും അധികം വേണ്ടതും അതുതന്നെയാണ്. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ സിനിമ. അതുകൊണ്ടുത്തന്നെ ക്ഷമ വളരെ പ്രധാനമാണ്. അത് ഫഹദിന് ഉണ്ട്. അതുതന്നെയാണ് വിജയവും. നല്ലൊരു സുഹൃത്തുകൂടിയാണ് ഫഹദ്. ഫഹദിനോട് എന്നെ പറ്റി ചോദിച്ചാല്‍ തരക്കേടില്ലാത്ത ഒരു എഡിറ്ററാണ് ഞാന്‍ എന്നെ പറയുകയുള്ളൂ. ഫഹദുമായി ആദ്യം ചെയ്യാനിരുന്ന സിനിമയാണ് ഇത്. പക്ഷെ ഇപ്പോള്‍ സംഭവിച്ചു എന്നെ ഉള്ളു.
തിയെറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് നഷ്ടമായി എന്ന് പറയുന്നവരോട് പറയാനുള്ളത് മാലിക്ക് ഒരിക്കലും ഡിജിറ്റലിനുവേണ്ടി എഴുതിയ പടമല്ല. എഴുതിയതും നിര്‍മിച്ചതും തിയെറ്ററിനു വേണ്ടിയാണ്. വിഷ്വല്‍സ് എടുത്തതും തിയെറ്ററിനു വേണ്ടിയാണ്. ആ ഒരു എഫക്ട് ഒരുപക്ഷെ ഡിജിറ്റലിലൂടെ കാണുന്നയാള്‍ക്ക് ലഭിക്കണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് വേറെ വഴിയില്ല. അതുകൊണ്ടുതന്നെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ യാതൊരുവിധ വിഷമവും ഇല്ല.
സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞപ്പോള്‍ ജലജ ചേച്ചി തിരിച്ചുവന്നെങ്കില്‍ എന്ന് ആലോചിച്ചിരുന്നില്ല. എന്നാല്‍ ആ സമയത്ത് തിരുവനന്തപുരത്ത് മറ്റു പല ചടങ്ങുകളിലും പങ്കെടുക്കുന്ന സമയങ്ങളില്‍ പരസ്പരം കാണാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ചേച്ചിയോട് ചോദിച്ചു മാലിക്കില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന്. തുടക്കത്തില്‍ ചേച്ചി അതിന് സമ്മതിച്ചില്ല. ജലജ ചേച്ചിയുടെ വീട്ടില്‍ ചെന്ന് ഞാന്‍ കഥപറഞ്ഞിറങ്ങുമ്പോള്‍ ചേച്ചി എനിക്ക് തിരക്കഥ മടക്കി തന്നു. ഇത് തനിക്ക് തരേണ്ടെന്നും ചേച്ചിയുടെ കോപ്പിയാണെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ജലജചേച്ചി ചോദിച്ചു, എനിക്ക് കോപ്പിയുണ്ടോ എന്ന്. ജീവിതത്തില്‍ ആദ്യമായാണ് ജലജ ചേച്ചിയ്ക്ക് ഒരു സ്‌ക്രിപ്റ്റിന്റെ കോപ്പി ലഭിക്കുന്നത്. പണ്ടൊക്കെ അസോസിയേറ്റ് സംവിധായകനോ തിരക്കഥാകൃത്തിന്റെ സഹായിയോ മറ്റോ ആണ് ജലജ ചേച്ചിയോട് കഥ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌ക്രിപ്ട് വായിച്ചതിനുശേഷം കുറച്ച് വൈകിയാണെങ്കിലും സമ്മതം മൂളുകയായിരുന്നു. ജലജ ചേച്ചിയെ പോലെ ഒരാള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസിലാകും. പ്രശസ്തരായ ഒട്ടറെ സംവിധായകരുടെയും താരങ്ങളുടെയും സിനിമയില്‍ ചേച്ചി ഭാഗമായിരുന്നു. എന്നാല്‍ ചേച്ചി തിരിച്ചുവരുന്ന ഈ അവസരത്തില്‍ പണ്ടത്തെപോലെയല്ല സിനിമ. ഒട്ടേറെ മാറിയിരിക്കുന്നു
ചിത്രത്തെപ്പറ്റി ആലോചിച്ച് തുടങ്ങിയപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നവരൊക്കെ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. മാലിക്കിലെ റോസ്‌ലിന്‍ എന്ന കഥാപാത്രത്തിന്റെ പ്രായകൂടുതല്‍ നിമിഷയെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ചിന്ത മാത്രമേ അലട്ടിയിരുന്നുള്ളു. എന്നാല്‍ റോസ്‌ലിന്‍ എന്ന കഥാപാത്രമായി മാറാന്‍ നിമിഷയുടെ ഭാഗത്ത് നിന്നും വളരെയധികം പരിശ്രമം തന്നെയുണ്ടായി.
നിമിഷ വളരെയധികം കഴിവുള്ള നടിയാണ്. ഒരുപാട് അറിവുകള്‍ ഉള്ള ഒരു പെണ്‍കുട്ടി. കാര്യങ്ങളെ നല്ല രീതിയില്‍ ഗ്രഹിക്കാന്‍ നിമിഷയ്ക്ക് പ്രത്യേകം കഴിവുണ്ട്. പലകാര്യങ്ങളെ കുറിച്ചും നിമിഷയ്ക്ക് നല്ല അറിവാണ് ഉള്ളത്. പുറത്ത് അവര്‍ എത്രത്തോളം അതൊക്കെ പ്രകടമാക്കുന്നുവെന്നകാര്യം അറിയില്ല. ഈ പ്രായത്തില്‍ തന്നെ നിമിഷയ്ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ എല്ലാം തന്നെ അതി ഗംഭീരമാണ്. മിഡില്‍ ക്ലാസില്‍ നിന്നും വന്നതിന്റെ വലിയൊരു ഗുണമാണ് അത്. മറ്റൊരു സംസ്ഥാനത്ത് താമസിച്ചുകൊണ്ട് മലയാളികളുമായി ഇടപഴകി ജീവിച്ചതുകൊണ്ടുതന്നെ ഒട്ടേറെ ഗുണങ്ങള്‍ നിമിഷയില്‍ ഉണ്ട്.
എഡിറ്റിന് വേണ്ടിയാണ് ഞാന്‍ ഷൂട്ട് ചെയ്യുന്നത്. എഡിറ്റിങ് ആലോചിച്ച് ഷൂട്ട് ചെയ്യുന്ന ആളായതുകൊണ്ട് മറ്റു വൈകാരികമായ അടുപ്പങ്ങള്‍ ഒന്നുംതന്നെ ഇല്ല. ഇതിലെ ആശയം കൃത്യമായി പുറത്തെത്തുന്നുണ്ടോ എന്ന് മാത്രമേ നോക്കുകയുള്ളു. ഒരാള്‍ ചെയ്യുന്നത് എല്ലാവര്ക്കും ഇഷ്ട്ടമാകണമെന്ന് നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. എന്നാലും ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയുമോ എന്ന് മാത്രമേ നോക്കുകയുള്ളു. ചുറ്റുപാടുകളില്‍ നിന്നും കഥയെടുക്കുന്ന ആളാണ് ഞാന്‍.
കേരളത്തില്‍ നിന്നും ഷൂട്ടിങ് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ നാട്ടില്‍ സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് എല്ലാ കാലത്തും ഞാന്‍ ആഗ്രഹിക്കുന്നത്. കോവിഡ് ഒന്നാം തരംഗം വന്ന സമയം സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് 50 പേര് അടങ്ങുന്ന ഒരു കൂട്ടായ്മയില്‍ ഷൂട്ടിങ് നടത്താം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. അതനുസരിച്ചാണ് സി യൂ സൂണ്‍ എന്ന പടം എടുത്തത്. എല്ലാത്തിലും ജനാധിപത്യ രീതിയില്‍ ഉള്ള ഒരു തീരുമാനം ഉണ്ടാകണം. ഇവിടെ ടെലിവിഷന്‍ പരിപാടികള്‍ക്കും മറ്റും വിലക്ക് ഇല്ലാതിരിക്കുകയും സിനിമയ്ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് സ്വീകാര്യമായ നയമായി തോന്നുന്നില്ല. സിനിമയെ ഒരു വ്യവസായമായോ കുറഞ്ഞ ഒരു കലാരൂപമായോ കാണാന്‍ സാധിക്കില്ല. വളരെയധികം ആള്‍ക്കാര്‍ ഇതില്‍ തൊഴിലെടുക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
മലയന്‍ കുഞ്ഞാണ് അടുത്ത പ്രോജക്ട്. ചിത്രത്തിന്റെ എഴുത്ത് പകുതിയായി. സജിമോന്‍ ആണ് സംവിധാനം. അത് കഴിഞ്ഞ് ചാക്കോച്ചന്‍ നായകനായ ‘അറിയിപ്പ്’. കോവിഡ് സാഹചര്യം അനുസരിച്ച് സിനിമയുടെ അവസ്ഥയെപ്പറ്റി പറയാന്‍ സാധിക്കില്ല.

Related Articles

Back to top button