BREAKING NEWSLATESTWORLD

മാസ്‌ക്കിനെതിരെ കത്തോലിക്ക സ്‌കൂള്‍ കോടതിയില്‍, ദൈവം സൃഷ്ടിച്ച മുഖം മറയ്ക്കപ്പെടുന്നുവെന്ന് ആരോപണം

യുഎസ്: ലോകത്ത് ഏറ്റവുമധികം കൊവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. സാമ്പത്തിക ശക്തി കൂടിയായിട്ടും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ച സംഭവിച്ചു. ഏറ്റവും പുതിയ വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 35,146,476 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 625,808 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കി. ഇതിനിടെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കുന്നതിനെതിരെ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ രംഗത്ത് വന്നതോടെ പുതിയ വിവാദം തലപൊക്കി.
അമേരിക്കയിലെ മിഷിഗണിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്‌കൂള്‍ ആണ് പുതിയ വാദവുമായി രംഗത്തുവന്നത്. വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിക്കുന്നതിനെതിരെ രൂക്ഷ നിലപാടാണ് ലാന്‍സിങ് ആസ്ഥാനമായുള്ള എലമെന്ററി സ്‌കൂള്‍ അധികൃതര്‍ ഉന്നയിക്കുന്നത്. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമാണ് അധികൃതരെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ അവഗണിച്ച അധികൃതര്‍ നിലപാട് പരസ്യമാക്കിയതിന് പിന്നാലെ കോടതിയെ സമീപിച്ചു.
മാസ്‌ക് ധരിക്കുന്നതിലൂടെ ദൈവസാദൃശ്യം മറച്ചുവയ്ക്കപ്പെടുന്നുവെന്ന ആരോപണമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഉന്നയിക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ ഛായയിലാണെന്നാണ് ക്രിസ്തീയ വിശ്വാസം. മാസ്‌ക് ധരിക്കുന്നതോടെ ആ രൂപസാദൃശ്യം മറച്ചുവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. മണിക്കൂറുകളോളം മാസ്‌ക് ധരിക്കുന്നതോടെ അലര്‍ജിയടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകും. കുട്ടികളെ സംബന്ധിച്ച് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവ. കൂടാതെ പഠനത്തിന് തടസമാകുകയും ചെയ്യും. കുട്ടികള്‍ പറയുന്നത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ പറയുന്നത് അധ്യാപകര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ക്രിസ്തീയ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ അധികൃതര്‍ ആരോപണം ശക്തമാക്കുന്നത്. മാസ്‌ക് ധരിക്കുന്നതോടെ ഒരാള്‍ തനിക്കുള്ള സ്വാതന്ത്രം സര്‍ക്കാരിന് അടിയവറവ് വെക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് മുറികളില്‍ മസ്‌ക് ധരിക്കാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ക്കിടെയില്‍ വൈറസ് വ്യാപനം ഉണ്ടാകുന്നില്ലെന്ന് ചര്‍ച്ച് ഓഫ് റിസറക്ഷന്‍ പാസ്റ്റര്‍ റവ. സ്റ്റീവ് മാറ്റ്‌സണ്‍ പറഞ്ഞു. സ്‌കൂളില്‍ മാസ്‌ക് ധരിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും അങ്ങനെയൊരു സാഹചര്യം ഉണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കുന്നത് മൂലം വിദ്യാര്‍ഥികള്‍ക്ക് ശരിയായി ശ്വസിക്കാനാകുന്നില്ലെന്ന് ഒരു വിഭാഗം മാതാപിതാക്കള്‍ പറഞ്ഞു.
അഞ്ച് വയസും അതിന് മുകളില്‍ പ്രായവുമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ പ്രാഥമിക നിരോധ ഉത്തരവുകളോ പരാമര്‍ശങ്ങളോ നടത്താന്‍ ഫെഡറല്‍ കോടതി തയ്യാറായില്ല. കുട്ടികള്‍ മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിറക്കാത്ത സംസ്ഥാനമാണ് മിഷിഗണ്‍. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടല്‍ നടത്താത്തത് എന്നാണ് സൂചന. എന്നാല്‍ എല്ലാവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതുവരെ മാസ്‌ക് ധരിക്കണമെന്നാണ് മിഷിഗണിലെ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം.

Related Articles

Back to top button