KERALALATEST

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം അനുമതിയോടെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോള്‍ ദുബായ് സന്ദര്‍ശനം ഉണ്ടായിരുന്നില്ലെന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നുമായിരുന്നു വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നീട് അനുമതി തേടിയോ എന്ന് അന്വേഷിച്ച് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിണറായി വിജയന്‍ നോര്‍വെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ആദ്യം അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെയാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മകനെ കാണുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഇതിനും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രിക്കുള്ള യാത്രാനുമതി വിദേശകാര്യ സെക്രട്ടറി വഴി വിദേശകാര്യമന്ത്രിക്കാണ് നല്‍കുന്നതെന്നും വിദേശകാര്യ സഹമന്ത്രി ഇതറിയണമെന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
നോര്‍വേ, ഇംഗ്ലണ്ട് യാത്രകള്‍ക്ക് അനുമതി ലഭിച്ചശേഷം ആ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മറ്റു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി തേടുന്നതില്‍ തെറ്റില്ലെന്ന് പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി യാത്രയ്ക്കിടെ മണിക്കൂറുകള്‍ മാത്രമാണ് യുഎഇയില്‍ തങ്ങുന്നതെങ്കില്‍ വിമാനത്താവളത്തില്‍ വിശ്രമിക്കാം. ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ല.
രണ്ടു ദിവസം യുഎഇയില്‍ തങ്ങുന്നതിനാലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. കാലതാമസം ഇല്ലാതെ അനുമതിയും ലഭിച്ചു. മുഖ്യമന്ത്രിക്കു നല്‍കിയ അനുമതി വിദേശകാര്യസഹമന്ത്രി അറിയേണ്ടതില്ല. മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ബന്ധുവിനെ കാണാനായി യുഎഇ സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നു. വിദേശകാര്യമന്ത്രാലയം ഇതിനും അനുമതി നല്‍കി. മന്ത്രിമാരുടെ യാത്രാവിവരം വിദേശകാര്യസഹമന്ത്രി അറിയുമെന്ന് പൊതുഭരണവകുപ്പ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button