KERALALATEST

മുഖ്യമന്ത്രിയുടെ വാക്ക് പാഴായി, അഞ്ചാം തീയതി കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്. പിന്നാലെ നടന്ന ചര്‍ച്ചയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്‌കരണ നടപടികളോട് യൂണിയന്‍ നേതാക്കള്‍ സഹകരിച്ചു. പിന്നാലെ ഓണം വരെയുള്ള കുടിശിക തീര്‍ത്തതടക്കം രണ്ടുമാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം മാനേജ്‌മെന്റ് നല്‍കി.എന്നാല്‍ ഈ മാസം ഏഴാം തീയതി ആയിട്ടും ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല.
പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പ്രതീക്ഷിച്ച ഫലം കാണാത്ത വന്നതോടെ മാനേജ്‌മെന്റ് കടുത്ത അതൃപ്ത്തിയിലാണ് . പാറശ്ശാലയിലെ സിംഗിള്‍ ഡ്യൂട്ടിക്ക് മാസം ഒന്നു കഴിഞ്ഞിട്ടും ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ദൂരം ഓടി വരുമാനം കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ശരാശരി കിലോമീറ്റര്‍ വരുമാനം 62 രൂപ ഉണ്ടായിരുന്നത് 51 ആയി താഴ്ന്നു. ഏഴുതവണ മാറ്റിയെഴുതിയിട്ടും ഡ്യൂട്ടി ഷെഡ്യൂളിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടിയെടുത്തതും യാത്രക്കാരുടെ പരാതികളും മാത്രമാണ് ബാക്കി. മറ്റു ഡിപ്പോകളിലേക്ക് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം വ്യാപിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മാനേജ്‌മെന്റ് ശമ്പള കാര്യത്തില്‍ അയവുവരുത്തി എന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ വിലയിരുത്തല്‍. എന്നാല്‍എല്ലാ മാസവും 50 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ നല്‍കിയ ധനവകുപ്പ് ഇത്തവണ 30 കോടി രൂപ മാത്രമാണ് നല്‍കിയത് അതാണ് ശമ്പളം വൈകാന്‍ കാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരില്‍ നിന്ന് 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്‌മെന്റ് കത്ത് നല്‍കിയിട്ടുണ്ട്. പണം കിട്ടിയില്ലെങ്കില്‍ മുന്‍പത്തെപ്പോലെ ഭാഗികമായി ശമ്പളം വിതരണം ചെയ്യാനും ആലോചനയുണ്ട്.

Related Articles

Back to top button