BREAKING NEWSKERALALATEST

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല

മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്ന സൈജു മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ 24 ന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയിൽ പറയുന്നു. നവംബർ ഒന്നിനാണ് ഹാൻഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാൻ ഓഡി കാർ ഡ്രൈവർ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ നിരസിച്ചു. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.

അതിനിടെ ഫോർട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്സൈസ്. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മിഷൻ നിർദേശിച്ചു.

Related Articles

Back to top button