BREAKING NEWSNATIONAL

മോദിയുടെ കാലത്ത് പാക് പ്രകോപനമുണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് യു.എസ്.

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ ഇന്ത്യ സൈനികനീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗം.
ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ചൈന ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍, ഈരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷസാധ്യത തള്ളിക്കളയാനാകില്ലെന്നും രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാഭീഷണികളുമായി ബന്ധപ്പെട്ടുനടന്ന വാര്‍ഷിക അവലോകനയോഗത്തിലാണ് ഈ വിലയിരുത്തല്‍.
ഇന്ത്യക്കെതിരായ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നുണ്ട്. അത് രൂക്ഷമായാല്‍ ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും യോഗം വിലയിരുത്തി.
ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാനുള്ള നയതന്ത്രചര്‍ച്ചകള്‍ താത്കാലികമായി വിജയം കണ്ടെങ്കിലും 2020-ലെ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള ഭിന്നത രൂക്ഷമാണ്. അതിര്‍ത്തിയില്‍ സൈനികവിന്യാസം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും നീക്കം യു.എസിന്റെ സുരക്ഷാതാത്പര്യങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുമെന്നും അവലോകനത്തില്‍ പറയുന്നു.
അതിനിടെ, ഭീകരവാദത്തെ പ്രതിരോധിക്കാന്‍ യു.എസും പാകിസ്താനും തമ്മില്‍ ദ്വിദിന ചര്‍ച്ച നടന്നു. ആക്രമണോത്സുക ഭീകരവാദം തടയല്‍, സൈബര്‍സുരക്ഷ വര്‍ധിപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെവിഷയങ്ങളില്‍ ഫലപ്രദമായ നടപടികള്‍ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ചു.

*******

വിഷപ്പുക: ചികിത്സ തേടുന്നവരുടെ എണ്ണമേറി, കണക്ക് കൃത്യം പറയാതെ ആരോഗ്യവകുപ്പ്

കൊച്ചി: പുക പടര്‍ന്നതോടെ എറണാകുളം ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി.നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ല്‍ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറല്‍ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ ജില്ലാ ആരോഗ്യ വകുപ്പിനു നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല.
ബ്രഹ്‌മപുരം സബ് സെന്റര്‍ 34, വടവുകോട് ആശുപത്രി 10, തൃപ്പൂണിത്തുറ ഗവ. ആശുപത്രി 20, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേര്‍ ചികിത്സ തേടി. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഇരുനൂറിലധികം പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. ആസ്ത്മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ കൂടുതല്‍. മറ്റ് ജില്ലകളില്‍നിന്നെത്തി നഗരത്തിലും പരിസരത്തും മക്കള്‍ക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി.

Related Articles

Back to top button