BREAKING NEWSLATESTNATIONALTOP STORY

രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്

രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് ആണ് മുന്നറിയിപ്പുനല്‍കിയത്. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയതാണ് ഇന്‍സാകോഗ്.

നിലവില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണ്. മെട്രോ നഗരങ്ങളിലും ഇത് വ്യാപിച്ചുകഴിഞ്ഞു. ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജും രാജ്യത്ത് സ്ഥിരീകരിച്ചതായും ഇന്‍സാകോഗ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു. ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ വ്യാപനം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആണ്. ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര്‍ 17.78 ശതമാനമാണ്. 2.59 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്‍പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button