BREAKING NEWSLATESTNATIONAL

ലൈംഗികപീഡനക്കേസുകളിലെ വിചാരണ അടച്ചിട്ട മുറിയില്‍ മതി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയില്‍ (ഇന്‍ ക്യാമറ) മാത്രമേ നടത്താവൂയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 327ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിന്റെ കാര്യത്തില്‍ മാത്രമാണ് ഇത് പറയുന്നത്. എന്നാല്‍, മുഴുവന്‍ ലൈംഗികപീഡനക്കേസുകളിലേക്കും ഈ നിബന്ധന സുപ്രീംകോടതി വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ യോഗാധ്യാപിക അവിടത്തെ വൈസ് ചാന്‍സലര്‍ക്കെതിരേ നല്‍കിയ പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
വൈസ് ചാന്‍സലര്‍ക്കെതിരേ പോലീസില്‍ പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടര്‍ന്ന്, പീഡനക്കേസുകളിലെ വിചാരണവേളയില്‍ പരാതിക്കാരികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറത്തിറക്കി. മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

1. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ പരാതിക്കാരി, സാക്ഷികള്‍ എന്നിവരെ വിസ്തരിക്കുന്നത് അടച്ചിട്ട കോടതിയിലായിരിക്കണം. പരസ്യവിസ്താരം പാടില്ല.
2. കേസിലെ പ്രതിയും പരാതിക്കാരിയും തമ്മില്‍ കാണാതിരിക്കാന്‍ സ്‌ക്രീന്‍ സ്ഥാപിക്കാം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ പ്രതിയോട് മുറിവിട്ടുപോകാന്‍ നിര്‍ദേശിക്കണം.
3. പ്രതിഭാഗം അഭിഭാഷകര്‍ പരാതിക്കാരിയെ വിസ്തരിക്കുമ്പോള്‍ അവരുടെ വികാരം കണക്കിലെടുക്കുകയും ബഹുമാനിക്കുകയും വേണം. അനുചിതമായ ചോദ്യങ്ങളുണ്ടാവരുത്. പ്രതിഭാഗം അഭിഭാഷകര്‍ക്ക് ചോദിക്കാനുള്ളത് കോടതിയില്‍ എഴുതി നല്‍കുകയും കോടതി അത് ചോദിക്കുകയും ചെയ്യണം.
4. ക്രോസ് വിസ്താരം കഴിയുമെങ്കില്‍ ഒരു സിറ്റിങ്ങില്‍ തീര്‍ക്കണം.

Related Articles

Back to top button