BREAKING NEWSLATESTNATIONAL

വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് നല്ല പൗരന്മാരാകാന്‍ കഴിയില്ല, അവര്‍ രാജ്യത്തിന് ബാധ്യത: അമിത് ഷാ

ന്യൂഡല്‍ഹി: വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പൗരന്മാര്‍ രാജ്യത്തിനു ബാധ്യതയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിരക്ഷരരായ ആളുകള്‍ക്ക് മികച്ച പൗരന്മാരാകാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പദവികളില്‍ 20 വര്‍ഷം തികച്ച സാഹചര്യത്തില്‍ സംസാദ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ‘നിങ്ങള്‍ ഇക്കാര്യം വിലയിരുത്തമ്പോള്‍ രാജ്യപുരോഗതിയില്‍ ഇതിനുള്ള പങ്ക് നിങ്ങള്‍ക്ക് മനസിലാകും. നിരക്ഷരനായ ഒരു വ്യക്തി രാജ്യത്തിന് ബാധ്യതയാണ്. അയാള്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങളെപ്പറ്റി അയാള്‍ക്ക് അറിയില്ല. അയാളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങളും അറിയില്ല. അങ്ങനെയൊരു വ്യക്തിയ്ക്ക് എങ്ങനെ ഒരു നല്ല പൗരനാകാന്‍ സാധിക്കും?’ അമിത് ഷാ ചോദിച്ചു.
‘വിദ്യാലയങ്ങളില്‍ കൂടുതലായി വിദ്യാര്‍ഥികളെ എത്തിക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാല്‍ കുട്ടികളുടെ പ്രവേശനം ഒരു ഉത്സവം പോലെ നടത്താന്‍ തുടങ്ങിയതോടെ നൂറ് ശതമാനം കുട്ടികളും സ്‌കൂളിലെത്താന്‍ തുടങ്ങി. രക്ഷകര്‍ത്താക്കളെ ഉള്‍ക്കൊള്ളിച്ച് സമിതികള്‍ തുടങ്ങി. ഒരു കുട്ടി സ്‌കൂളിലെത്തിയില്ലെങ്കില്‍ ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ തുടങ്ങി. അധ്യാപകരുടെ ഉത്തരവാദിത്തങ്ങളും തീരുമനിച്ചു. ഇതോടു കൂടി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് 37 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറയ്ക്കാനായി.’ അമിത് ഷാ ചൂണ്ടിക്കാട്ടി.
അഭിമുഖത്തിനിടെ പ്രധാനന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയായി നേതാവാണെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും അംഗീകരിക്കുമന്നും അമിത് ഷാ പറഞ്ഞു. നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ അത്ര ജനാധിപത്യത്തോടെ ഒരിക്കല്‍ പോലും കേന്ദ്രസര്‍ക്കാരുകള്‍ ഭരിച്ചിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. മോദി ഏകാധിപതിയാണെന്ന വാദം തള്ളിയ അമിത് ഷാ പ്രധാനമന്ത്രി ആളുകളുടെ പദവിയും ശക്തിയും പരിഗണിക്കാതെ തന്നെ എല്ലാവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കുന്ന ആളാണെന്നും ചൂണ്ടിക്കാട്ടി. ദേശതാത്പര്യത്തിനു വേണ്ടി രാഷ്ട്രീയനേട്ടം മറന്നു കൊണ്ട് പ്രധാനമന്ത്രി നിലപാടുകള്‍ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മികച്ചൊരു കേള്‍വിക്കാരനാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മറ്റുള്ളവരെ കേള്‍ക്കാനായി കൂടുതല്‍ സമയം നീക്കി വെക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Back to top button