BREAKING NEWSKERALALATEST

വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്ന പരസ്യ വിമര്‍ശനം; ചിറ്റയം ഗോപകുമാറിനെതിരേ എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കി വീണാ ജോര്‍ജ്

തനിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരേ എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരസ്യ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്നും ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നുവെന്നും വീണാ ജോര്‍ജ് പരാതിപെട്ടു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് ഉത്തരവാദിത്തമില്ലന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എം.എല്‍.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാര്‍ത്തയായിരുന്നു. ഈ ചടങ്ങില്‍ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

‘യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട് തവണയായി ഇതേ അനുഭവമാണ്. അതിനാല്‍ ഞാന്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ല. സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എം.എല്‍.എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചല്ലെന്നും ചിറ്റയം പറഞ്ഞിരുന്നു.

Related Articles

Back to top button