BREAKING NEWSWORLD

വിവാഹ ചടങ്ങില്‍ പാട്ട് വെച്ചതിന് 13 പേരെ താലിബാന്‍ കൂട്ടക്കൊല ചെയ്തു

കാബൂള്‍: വിവാഹ ആഘോഷങ്ങള്‍ക്കിടെ സംഗീതം വെച്ചതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ 13 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേയാണ് താലിബാന്‍ നടത്തിയ ക്രൂരത പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്.
തലസ്ഥാന നഗരമായ കാബൂളിനോട് ചേര്‍ന്ന് കിടക്കുന്ന നാന്‍ഗ്രഹര്‍ പ്രവശ്യയിലാണ് ആളുകളെ താലിബാന്‍ വധിച്ചതെന്ന് അമറുള്ള സലേ വ്യക്തമാക്കി. താലിബാന്റെ ഭരണത്തിനെതിരായ അപലപിക്കാന്‍ സമയം ആയെന്നും ഒന്നിച്ചുള്ള പ്രതിരോധം ആവശ്യമാണ്. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണ്. അഫ്ഗാനിസ്ഥാന്റെ സംസ്‌കാരത്തെയും ജനങ്ങളെയും നശിപ്പിക്കാനാണ് പാകിസ്ഥാന്‍ താലിബാനെ പഠിപ്പിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഈ സാഹചര്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനെ നിയന്ത്രണത്തിലാക്കാനാണ് പാകിസ്ഥാന്‍ ശ്രമം നടത്തുന്നതെന്നും അമറുള്ള പറഞ്ഞു. താലിബാന്റെ ഭരണം ഏറെക്കാലം നീണ്ടുനില്‍ക്കില്ലെങ്കിലും ഇക്കാലത്ത് അഫ്ഗാന്‍ ജനത വല്ലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് അമറുള്ള ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ വേദിയില്‍ വെച്ചാണ് കൂട്ടക്കൊല നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ താലിബാന്‍ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നാന്‍ഗ്രഹര്‍ പ്രവശ്യയിലാണ് 13 ആളുകളെ താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന ട്വീറ്റ് ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമറുള്ള തയ്യാറായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്നുണ്ടോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സംഗീത പരിപാടികള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഗീതജ്ഞരെയും ആക്രമിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
അഫ്ഗാന്‍ നാടോടി ഗായകന്‍ ഫവാദ് അന്തരാബിയെ ഓഗസ്റ്റ് മാസം താലിബാന്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വെടിവച്ച് കൊന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകന്‍ ഫവാദ് അന്‍ദരാബിയെ താലിബാന്‍ വെടിവച്ചു കൊന്നു. കാബൂളിന് 100 കിലോമീറ്റര്‍ വടക്ക് ബഗ്‌ലാന്‍ പ്രവിശ്യയിലെ അന്ദ്രാബി താഴ്‌വരയിലാണ് സംഭവം. ഫവാദ് അന്‍ദരാബിയെ താലിബാന്‍ കൊലപ്പെടുത്തിയതായും തീവ്രവാദികള്‍ അദ്ദേഹത്തെ തേടി പതിവായി വീട്ടില്‍ എത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഫവാദിനെ വീട്ടില്‍ നിന്നും ബലമായി കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫവാദിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞിരുന്നു. താലിബാന്‍ നേതൃത്വത്തെ ശക്തമായി എര്‍തിര്‍ക്കുന്ന പഞ്ച്ശീര്‍ പ്രവശ്യയ്ക്ക് സമീപമുള്ള പ്രദേശമാണ് അന്ദ്രാബി താഴ്‌വര.
കഴിഞ്ഞ സെപ്റ്റമ്പര്‍ 4ന് അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അടച്ചുപൂട്ടിയിരുന്നു. സായുധരായ താലിബാന്‍ ഭീകരര്‍ നേരിട്ടെത്തിയാണ് അടച്ചുപൂട്ടല്‍ നടപടി സ്വീകരിച്ചത്. ഇസ്ലാമിന് സംഗീതം നിഷിദ്ധമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. സംഗീതം ഉപയോഗിക്കുന്നത് തടയാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എന്നാല്‍ ആളുകളെ ഉപദ്രവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Related Articles

Back to top button