BREAKING NEWSKERALA

വീട്ടമ്മയ്ക്കു നേരെ പട്ടാപ്പകല്‍ വീട്ടുമുറ്റത്തുവച്ച് മുളകുപൊടി ആക്രമണം

കോട്ടയം: പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. വീട്ടുമുറ്റത്തെത്തിയ അക്രമിസംഘം വീട്ടമ്മയുടെ തലയില്‍ തുണിയിട്ടശേഷം മുളകുപൊടിയും അരിപ്പൊടിയും മുഖത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി. കൊല്ലാട് ഷാപ്പുംപടിക്കു സമീപം കളങ്കുന്നേല്‍ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്‌സിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ പിന്നില്‍ അടുക്കളഭാഗത്തെ പറമ്പില്‍ മാലിന്യങ്ങള്‍ കളയുന്നതിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നു സവിത പൊലീസിനു മൊഴിനല്‍കി. 4 പേരില്‍ ഒരാള്‍ അടുത്തെത്തി തലയും മുഖവും മൂടുംവിധം ഒരു തുണി വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ അവര്‍ മുളകുപൊടിയും അരിപ്പൊടിയും മുഖത്തും തലയിലുമായി വാരിയെറിഞ്ഞു. വന്നവരില്‍ ഒരാള്‍ പെണ്‍വേഷം കെട്ടിയിരുന്നു. ബഹളംവച്ചതോടെ അവര്‍ എല്ലാവരും കടന്നുകളഞ്ഞു.
സംഭവസമയത്ത് ഇവരുടെ ഭര്‍ത്താവും മകനും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. അക്രമികള്‍ മുളകുപൊടി പൊതിഞ്ഞു കൊണ്ടുവന്നതായി സംശയിക്കുന്ന പത്രക്കടലാസ് പൊലീസ് കണ്ടെടുത്തു. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതേസമയം, വീട്ടമ്മ പറയുന്ന രീതിയിലുള്ള ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

Related Articles

Back to top button