BREAKINGKERALA

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: പൂരം നടത്തിപ്പിലെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: സ്‌ഫോടക വസ്തു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി തൃശ്ശൂര്‍ പൂരം നടത്തിപ്പിനെയടക്കം ആശങ്കയിലാക്കിയ സാഹചര്യത്തില്‍ കേന്ദ്രത്തിന് കേരളം കത്തയക്കും. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പുതിയ ഭേദഗതി പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തിന്റെ ഉത്കണ്ഠ ഇതിനോടകം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്‌കരണ പ്ലാന്റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കു അനുമതി നല്‍കിയ മാതൃകയിലാവും ഇത്.

സാധൂകരിച്ചു

വയനാട് ദുരന്തത്തില്‍ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാധ്യതാസര്‍ട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് മുദ്ര വിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കിയത് സാധൂകരിച്ചു.

ഭൂപരിധിയില്‍ ഇളവ്

എറണാകുളം രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്‌കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

നബാര്‍ഡ് ആര്‍ഡിഎഫ് പദ്ധതിപ്രകാരം ഭരണാനുമതി നല്‍കിയ ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിന്റെ മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

എന്റെ കേരളം പോര്‍ട്ടല്‍

Related Articles

Back to top button