ENTERTAINMENTKERALALATESTMALAYALAM

ശതാഭിഷേക നിറവില്‍ കലാമണ്ഡലം ഗോപി ആശാന്‍

കഥകളി വേദിയിലെ പ്രതിഭാധനന്‍ കലാമണ്ഡലം ഗോപി ആശാന് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍. കുചേല വൃത്തത്തിലെ കൃഷ്ണനായും കല്യാണ സൗഗന്ധികത്തിലെ ഹനുമാനായും നളചരിതം മൂന്നാം ദിവസത്തില്‍ ബാഹുകനായും ബാലിയും കുന്തിയും കര്‍ണനുമൊക്കെയായി കലാമണ്ഡലം ഗോപി അനശ്വരമാക്കിയ വേഷങ്ങള്‍ നിരവധിയാണ്. 1937 മെയ് 21ന് (ഇടവ മാസത്തില്‍ അത്തം നാള്‍) പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത് കോതച്ചിറയില്‍ ജനിച്ച വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്ന ഗോപി നളചരിതം ആട്ടക്കഥയെ ജനകീയമാക്കിയ അനശ്വര കലാകാരനാണ്. കോതച്ചിറയില്‍ നിന്ന് തുടങ്ങിയ ആ പ്രയാണം അനുസ്യൂതം തുടരുന്നു.
അരങ്ങിയ വേഷം കെട്ടിയാടുമ്പോള്‍ കാണികളുടെ കണ്ണും മനസും ഒരുപോലെ തന്നിലേക്ക് ആവാഹിക്കാനുള്ള കഴിവ് ഈ കലാകാരന് മാത്രം അവകാശപ്പെട്ടതാണ്. കഥകളി കലാകാരനായ തെക്കിന്‍കാട്ടില്‍ രാവുണ്ണി നായരുടെ നിര്‍ദേശപ്രകാരമാണ് ഗോപിയാശാന്‍ കഥകളിയിലേക്കെത്തുന്നത്. പിന്നീട് കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍ തുടങ്ങിയ പ്രഗല്ഭരുടെ കീഴില്‍ ഏഴുവര്‍ഷത്തോളം കലാമണ്ഡലത്തില്‍ പഠനം. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതല്‍ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.
കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ നിറഞ്ഞാടി. ഷാജി എന്‍.കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവയും ഈ പ്രതിഭാധനനെ തേടിയെത്തി.
കളിയരങ്ങില്‍ പകരം വയ്ക്കാനില്ലാത്ത കലാമണ്ഡലം ഗോപിയാശാന്‍ തിമിര്‍ത്താടിയത് കഥകളിയുടെ പച്ച മാത്രമല്ല കളിയരങ്ങിലെ ആലംബനവും ഉദ്ദീപനവുമെല്ലാം ആ കരങ്ങളില്‍ ഭദ്രം. കഥാപാത്രങ്ങള്‍ മാത്രമല്ല, നിലാവും കാറ്റും പൂമണവുമെല്ലാം രസവാസനയുടെ തീക്ഷണാനുഭവങ്ങളാക്കി മാറ്റി മലയാളിയുടെ സ്വന്തം ഗോപിയാശാന്‍. ജന്മിത്വ പാരമ്പര്യ വിനോദത്തിന്റെ അവശിഷ്ട വേരുകളിലൊന്നല്ല കഥകളിയെന്ന് തെളിയിച്ച അനുഗ്രഹീത കലാകാരന്‍. കണ്ണുകളിലെ സുരതകാന്തി, സൂക്ഷ്മാഭിനയത്തിലൂടെ ഉത്തമ കഥാപാത്രങ്ങളുടെ വീരവും ദാനവും കൊട്ടിയാടല്‍. കുട്ടിത്തരവും ഇടത്തരവും ഒന്നുമില്ലാതെ നേരെ ആദ്യാവസാനത്തിലേക്കുള്ള എടുത്തുചാടല്‍. ശതാഭിഷേകത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഗോപിയാശാന് വിസ്മയവും സ്‌നേഹവും നിറഞ്ഞ ആദരം.
ചന്ദ്രികയാണ് പത്‌നി. ജയരാജ്,രഘുരാജ് എന്നി മക്കള്‍.

 

Related Articles

Back to top button