LATESTNATIONAL

ഷീന ബോറ കൊലക്കേസ്; ആറര വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം ലഭിച്ചത്. വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജി 2020 ഫെബ്രുവരി മുതല്‍ ജാമ്യത്തിലാണ്. 2021 നവംബറില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപത്തിനാലുകാരിയായ മകള്‍ ഷീന ബോറയെ 2012 ഏപ്രില്‍ മാസത്തില്‍ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തര്‍ഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസ്. 2015 ല്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. 2015 ലാണ് ഇന്ദ്രാണി അറസ്റ്റിലാവുന്നത്.

Related Articles

Back to top button