BREAKING NEWSKERALALATEST

സഭാതര്‍ക്കത്തില്‍ നിര്‍ണ്ണായക പങ്ക്, വിടവാങ്ങുന്നത് ഓര്‍ത്തഡോക്‌സ് സഭയില്‍ ഏറെ സംഭാവന നല്‍കിയ കാതോലിക്കബാവ

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയില്‍ ഏറെ സംഭാവന നല്‍കിയ കാതോലിക്കബാവ കൂടിയാണ് ഓര്‍മയാവുന്നത്. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി സമ്പാദിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സ്വീകരിച്ചത്. സഭാതര്‍ക്കത്തില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം ശ്രമം നടത്തി.

ലോകമെമ്പാടുമുള്ള 30 ലക്ഷം വരുന്ന ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ മെത്രാപ്പൊലീത്തയും കാതോലിക്കാ ബാവയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള മലങ്കര സഭാ തര്‍ക്കമായിരുന്നു ചുമതല ഏറ്റെടുക്കുമ്പോള്‍ മുതല്‍ ബാവ നേരിട്ട വലിയ വെല്ലുവിളി. 2011 സെപ്റ്റംബറില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കാതതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട് നിന്ന ഉപവാസ സമരം ശ്രദ്ധിക്കപ്പെട്ടു. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് കുര്‍ബ്ബാന അനുഷ്ടിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞതും പിന്നീടുണ്ടായ സംഘര്‍ഷവുമാണ് സമരത്തിലേക്ക് നയിച്ചത്.

അതിനുശേഷം നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടന്നു. ചര്‍ച്ചകളിലെല്ലാം സഭയ്ക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഇടത്- വലത് വ്യത്യാസമില്ലാതെ അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിന്തുണ തേടി ദേവലോകത്ത് എത്തുന്ന രാഷ്ട്രീയക്കാരോടും നീതികേടിനെക്കുറിച്ച് തുറന്നടിച്ചു. സഭയോട് അനീതി കാട്ടിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാന്‍ ആഹ്വാനം ചെയ്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാമത്തെ കാതോലിക്ക ബാവയാണ് കാലം ചെയ്ത പൗലോസ് ദ്വീതിയന്‍. ഏഴാം കാതോലിക്കയായിരുന്ന ദ്വിദിമോസ് പ്രഥമന്‍ ബാവ ആരോഗ്യ കാരണങ്ങള്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞതോടെയാണ് 2010ല്‍ കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപൊലീത്തയായിരുന്ന പൗലോസ് മാര്‍ മിലിത്തിയോസിനെ പൗലോസ് ദ്വീതിയന്‍ കാതിലോക്ക് ബാവ എന്ന് പേരില്‍ മലങ്കരയുടെ എട്ടാം കാതോലിക്കയായി വാഴിക്കുന്നത്.

1946ല്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തെ മാങ്ങാട് എന്ന ഗ്രാമത്തിലാണ് പൗലോസ് ദ്വീതിയന്റെ ജനനം. കൊല്ലന്നൂര്‍ ഐപ്പിന്റയും പുലിക്കോട്ടില്‍ കുഞ്ഞേറ്റിയുടെയും മകനായി ജനിച്ച പൗലോസ് ദ്വീതിയന്‍ ബാവ അദികാല നാമം കെ.ഐ പോള്‍ എന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനും കോട്ടയത്തെ സമിനാരി പഠനത്തിന് ശേഷം വൈദികനായി ചുമതലയേറ്റു. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളേജില്‍ ചേര്‍ന്ന് സോഷ്യോളിജിയില്‍ ബിരുദ്ധാനന്തര ബിരുദ്ധവും സ്വന്തമാക്കി.

വളരെ ചെറിയ പ്രായത്തിലാണ് പൗലോസ് ദ്വീതിയന്‍ കാതിലോക്ക് ബാവ ബിഷപ് പട്ടത്തിലേക്ക് പ്രവേശിക്കുന്നത്. 1985ല്‍ 36-ാം വയസില്‍ ഫാദര്‍ കെ.ഐ പോളെന്ന് പൗലോസ് ദ്വീതിയന്‍ ബാവയെ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന് പേരില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തി. തുടര്‍ന്ന് പുതുതായി തിരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപൊലീത്തയായി ചുമതല ഏല്‍ക്കുകയും ചെയ്തു.2006ലാണ് പൗലോസ് ദ്വീതിയന്‍ ബാവയെ മലങ്കര സഭയുടെ നിയുക്ത കാതോലിക്ക ബാവയായി ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദോസ് തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് 2010ല്‍ ദിദിമോസ് പ്രഥമ ബാവ ആരോഗ്യ കാരണത്താല്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞതോടെ പൗലോസ് ദ്വീതിയന്‍ ബാവയെ എട്ടാം കാതോലിക്കായായി വാഴിക്കുകയായിരുന്നു.

Related Articles

Back to top button