KERALALATEST

സര്‍ക്കാരിന്റെ റബ്ബര്‍ തോട്ടത്തില്‍ വളര്‍ന്ന കഞ്ചാവ് ചെടികള്‍

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ കഞ്ചാവു ചെടികള്‍. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കല്‍ ചിതല്‍വെട്ടിയില്‍ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വളം ഗോഡൗണിന്റെ സമീപത്തായിരുന്നു ചെടികള്‍.രണ്ടു ചെടികളാണ് ഉണ്ടായിരുന്നത്.
ഇവ നട്ടുവളര്‍ത്തിയത് ആണെന്നാണ് എക്‌സൈസ് സംഘം കരുതുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. ഒരു ചെടി സാമാന്യം നന്നായി വളര്‍ന്നതും മറ്റൊരണ്ണം അതില്‍ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളില്‍ റബ്ബര്‍ തൈകള്‍ പ്ലാന്റ് ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകള്‍ സ്ത്രീ തൊഴിലാളികളും മറ്റും ചേര്‍ന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കഞ്ചാവ് ചെടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള സ്ത്രീകളെ വിളിച്ചു കാണിച്ചു.
ചിലര്‍ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാന്‍ പറഞ്ഞു. എങ്കിലും സംശയം തോന്നിയവര്‍ ഫീല്‍ഡ് സൂപ്പര്‍ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് വിവരം എക്‌സൈസിനെ അറിയിച്ചത്. ഏരിയ മാനേജര്‍ അംജത്ത് ഖാനെ അറിയിക്കുകയും ചെയ്തു. അദ്ദേഹവും കൊല്ലം സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിനെ വിവരം അറിയിച്ചു.
കഞ്ചാവു ചെടികളില്‍ ഒരെണ്ണത്തിനു 172 cm നീളവും രണ്ടാമത്തേ ചെടിക്ക് 112 cm നീളവുമുണ്ട്. കഞ്ചാവു ചെടി വളര്‍ന്നു നിന്നിരുന്ന സ്ഥലം എസ്റ്റേറ്റിനുള്ളിലെ വളം ഗോഡൗണിനു സമീപത്തായിട്ടാണ്. ഗോഡൗണ്‍ കെട്ടിടത്തിന്റെ മറവിലായിട്ടാണ് ചെടികള്‍ വളര്‍ന്നു നിന്നത് എന്നത് കൊണ്ട് റോഡിലൂടെ പോകുന്നവര്‍ക്ക് കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞിരുന്നില്ല.
കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത സ്ഥലത്തേക്ക് ചില യുവാക്കള്‍ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ചെടികള്‍ നട്ടിരുന്ന സ്ഥലത്തേക്ക് ആ യുവാക്കള്‍ വെള്ളവും മറ്റും കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പ്പെട്ടിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. മഴക്കാലമായതിനാല്‍ ഈ ഭാത്തേക്ക് ആരും ഉടനടി വരാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കി ചെടികള്‍ പാകമാകുന്നതിനായി അവിടെ നിര്‍ത്തിയിരുന്നതാണെന്നും അനുമാനിക്കുന്നു.
ചെടി നട്ടുവളര്‍ത്തിയ ആള്‍ക്കാരെപ്പറ്റി സൂചന ലഭിച്ചതായി എക്‌സൈസ് വ്യക്തമാക്കി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ T രാജീവ് പ്രീ:ഓഫീസര്‍ ഉണ്ണികൃഷ്ണപ്പിള്ള സിവില്‍ എക്‌സൈസ് ഓഫീസറന്‍മാരായ നിതിന്‍,പ്രസാദ്,അഭിലാഷ് വിഷ്ണു അജീഷ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍.

Related Articles

Back to top button