BREAKING NEWSKERALA

സര്‍ക്കാര്‍ 30 കോടി നല്‍കി, ശമ്പളത്തിനു മതിയാവില്ലെന്നു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ നല്‍കി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്. ശമ്പളം നല്‍കാന്‍ 52 കോടി കൂടി വേണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയിരുന്നു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. ഈ മാസം 20ന് മുന്‍പ് ശമ്പളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്‌മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകള്‍. ഭരണാനുകൂല സംഘടനയായ സിഐടിയുയും മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.
മെയ് മാസത്തില്‍ ശമ്പളം നല്‍കാനായി 65 കോടിയുടെ സഹായമാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

Related Articles

Back to top button