BREAKING NEWSLATESTNATIONALTOP STORY

‘സവര്‍ക്കറെ പരിഹസിച്ചാല്‍ സഹിക്കില്ല, ഞങ്ങളുടെ ദൈവമാണ്’; രാഹുലിനെതിരെ ഉദ്ധവ് താക്കറെ

മുംബൈ: മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവര്‍ക്കറെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ സഹിക്കില്ല. ഇത്തരം പരിഹാസങ്ങള്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകാമെന്ന് ഉദ്ധവ് മുന്നറിയിപ്പു നല്‍കി. സവര്‍ക്കര്‍ തന്റെ ആരാധനാ പാത്രമാണെന്ന് തുറന്നുപറഞ്ഞ ഉദ്ധവ്, അദ്ദേഹത്തെ പരിഹസിക്കുന്നതില്‍നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

ആന്‍ഡമാന്‍ ജയിലില്‍ 14 വര്‍ഷത്തോളം കടുത്ത പീഡനങ്ങള്‍ക്ക് വിധേയനായ ആളാണ് സവര്‍ക്കര്‍. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. സവര്‍ക്കറെ അപമാനിക്കുന്ന യാതൊരു പരാമര്‍ശവും തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. സവര്‍ക്കറെ അപമാനിക്കുന്നത് രാഹുല്‍ തുടര്‍ന്നാല്‍, അത് പ്രതിപക്ഷ ഐക്യത്തെത്തന്നെ ബാധിക്കുമെന്നും ഉദ്ധവ് പറഞ്ഞു.

‘വീര്‍ സവര്‍ക്കര്‍ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തിനെതിരായ യാതൊരു വിധത്തിലുള്ള അനാദരവും പ്രോത്സാഹിപ്പിക്കില്ല. പോരാട്ടത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല’-  ഉദ്ധവ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവര്‍ക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളുവെന്നും ഉദ്ധവ് പറഞ്ഞു.

അതേസമയം, ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉദ്ധവ് ഉയര്‍ത്തിയത്. മോദി എന്നാല്‍ ഇന്ത്യയല്ല. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ജീവന്‍ ത്യജിച്ചത് ഇതിനു വേണ്ടിയാണോ? മോദിയെ ചോദ്യം ചെയ്യുന്നത് ഒരു വിധത്തിലും ഇന്ത്യയെ അപമാനിക്കുന്ന നടപടിയല്ലെന്നും താക്കറെ പറഞ്ഞു.  മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്, മാപ്പു ചോദിക്കാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ ഗാന്ധി നടത്തിയത്. ‘എന്റെ പേര്‍ സവര്‍ക്കകര്‍ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പു പറഞ്ഞിട്ടില്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Related Articles

Back to top button