KERALALATEST

സഹകരണ ബാങ്കുകളിലെ ബിനാമി വായ്പകള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ബിനാമിവായ്പകള്‍ സഹകരണ ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നു. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെപേരില്‍ വന്‍തുക വായ്പയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരത്തെ ഒരുസംഘത്തില്‍ 105 കോടിരൂപയാണ് ഇത്തരം വായ്പക്കുടിശ്ശിക.
നിലവിലുള്ള വായ്പകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ എല്ലാ സഹകരണവകുപ്പ് ഓഡിറ്റര്‍മാര്‍ക്കും നിര്‍ദേശംനല്‍കി. കുടിശ്ശികയായ വായ്പകളില്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് നിര്‍ദേശം. വായ്പക്കാരന് നോട്ടീസ് നല്‍കി, വായ്പ അദ്ദേഹത്തിന്റേതുതന്നെയാണോയെന്ന് ഓഡിറ്റര്‍മാര്‍ ഉറപ്പാക്കും.
ഇത്തരം പരിശോധനകളില്‍ പല വായ്പകളും ആ പേരിലുള്ള വ്യക്തി അറിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. എടുത്തവായ്പയെക്കാള്‍ കൂടുതല്‍ തുക കണക്കില്‍ വന്നതായും വ്യക്തമായി. ഇതോടെയാണ് ബിനാമി വായ്പകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
പ്രധാന സഹകരണബാങ്കുകളിലെല്ലാം കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ നിലവിലുണ്ട്. ഇത്തരം ബാങ്കുകളില്‍ പരിശോധന കാര്യക്ഷമമായി നടക്കുന്നതിനാല്‍ വലിയപ്രശ്‌നങ്ങളില്ലെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, കണ്‍കറന്റ് ഓഡിറ്റര്‍ ഇല്ലാത്ത സംഘങ്ങളില്‍ വകുപ്പ് ഓഡിറ്റര്‍മാരുടെ യൂണിറ്റുതല പരിശോധനമാത്രമാണ് നടക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കേണ്ടിവരുന്നതിനാല്‍ പലതും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നാണ് ഓഡിറ്റര്‍മാര്‍ പറയുന്നത്. ഇത്തരം ഘട്ടത്തില്‍ സംശയമുള്ള അക്കൗണ്ടുകള്‍ തിരഞ്ഞെടുത്ത് സാംപിള്‍പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
ഓരോസംഘത്തിലെയും വായ്പാ അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടാക്കി ഓഡിറ്റര്‍മാര്‍ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്ക് നല്‍കണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയായ രീതിയിലുള്ളതാണോയെന്ന് ഓഡിറ്റ് ഡയറക്ടറുടെ ഓഫീസ് പരിശോധിക്കാനും ആലോചനയുണ്ട്.
സഹകരണസംഘങ്ങള്‍ മാസനിക്ഷേപ പദ്ധതിയെന്നപേരില്‍ നടത്തുന്ന ചിട്ടികളിലും വ്യാപകമായ രീതിയില്‍ സ്വന്തക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്ന രീതിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ചിട്ടിത്തുക കണക്കാക്കി വായ്പ നല്‍കുന്നരീതിയിലും ക്രമക്കേടുണ്ട്. ചിട്ടി നറുക്കും ചിട്ടി അടിസ്ഥാനമാക്കിയുള്ള വായ്പകളിലും സൂക്ഷ്മപരിശോധന നടത്താനും തീരുമാനിച്ചു.

Related Articles

Back to top button