BREAKING NEWSKERALALATEST

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന് പിന്നില്‍ കോ-ലീ-ബി സഖ്യം; കോടിയേരിയെ തള്ളി കെ സുരേന്ദ്രന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന സിപിഐഎം ആരോപണം തള്ളി കെ സുരേന്ദ്രന്‍. പൊളിഞ്ഞ് പാളീസായ ആരോപണമാണ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു.

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞതാണ്. ആരും അംഗീകരിക്കാത്ത പദ്ധതിയാണ് കെ റെയില്‍. ആര്‍ക്കും അതിനോട് താത്പര്യവുമില്ല. റെയില്‍വേ മന്ത്രാലയം പദ്ധതിയെ പൂര്‍ണമായും തള്ളിക്കളയും’. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പദ്ധതിയെ കുറിച്ച് ഗൗരവമായ ആലോചന നടത്താതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ ലാഘവബുദ്ധി വെടിയണമെന്നും വിഷയത്തില്‍ കൃത്യമായ നയമുണ്ടാകണമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ സമരത്തിന് പിന്നില്‍ കോ-ലീ-ബി സഖ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ബിജെപി ജാഥയെ സ്വീകരിക്കാന്‍ മുസ്ലീം നേതാക്കള്‍ പോയത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നാളെ ബിജെപിയുടെ ജാഥയെ സ്വീകരിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി പോയാലും അത്ഭുതമില്ല. ബി ജെ പി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതില്‍ നിന്ന് വ്യക്തമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

Related Articles

Back to top button