BREAKING NEWSLATESTNATIONAL

‘സ്ത്രീധനം കുറഞ്ഞതിന് യുവതിയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി’; ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി

ബറേലി: സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് യുവതി. ഭര്‍ത്താവ് മോശമായി പെരുമാറുകയാണെന്നും വീട്ടുകാരില്‍ നിന്നും പീഡനം നേരിടേണ്ടി വരുന്നുണ്ടെന്നും വ്യക്തമാക്കി യുവതി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ബറോലി ജില്ലയിലാണ് സംഭവം.
സ്ത്രീധനം ലഭിക്കാത്തതിനാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവ് മോശമായി പെരുമാറിയിരുന്നതായി യുവതി വ്യക്തമാക്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബറേലിയിലെ ഇസത്‌നഗര്‍ പോലീസ് അറിയിച്ചു. ഭര്‍ത്താവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി എസ്എസ്പിക്ക് കത്തെഴുതി.
2018 ജൂലൈ 8ന് വിവാഹം നടന്നതെന്ന് യുവതി പറഞ്ഞു. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സ്ത്രീധനം നല്‍കിയാണ് വിവാഹം ചെയ്തത്. വിവാഹം മാസങ്ങള്‍ കഴിഞ്ഞതോടെ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും സമ്മര്‍ദ്ദം ചെലുത്താന്‍ ആരംഭിച്ചു. സ്വര്‍ണവും പണവും ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ ശാരീരികമായി ആക്രമിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും അദ്ദേഹവും ക്രൂരമായി മര്‍ദിച്ചുവെന്ന് യുവതി പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടുകാരുടെയും മറ്റും മര്‍ദനത്തില്‍ താന്‍ കരയുന്നത് ഭര്‍ത്താവിനെ സന്തോഷിപ്പിച്ചിരുന്നു. ഒരിക്കല്‍ ഭര്‍ത്താവ് സ്വകാര്യഭാഗത്ത് കുപ്പി കയറ്റി. അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് പൊക്കോളാന്‍ ഭര്‍ത്താവ് പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണിയായതോടെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടായെങ്കിലും കുട്ടിയുടെ ജനനത്തിന് ശേഷം ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നത് വീണ്ടും ആരംഭിച്ചു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ എസ്എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button