KERALALATEST

സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി നല്‍കേണ്ടി വരും: വി.ഡി. സതീശന്‍

തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം.ബി.രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരുമെന്നും അത് സഭാപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നും സതീശന്‍ പറഞ്ഞു. അതിനാല്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കര്‍ ഒഴിവാക്കണമെന്ന് സതീശന്‍ അഭ്യര്‍ഥിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷിനെ സീറ്റിലേക്ക് ആനയിച്ച ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് സ്പീക്കറുടെ പ്രസ്താവനയെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചത്.
”ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കുന്ന, കൂടുതല്‍ ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. ആ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണം സഭാനാഥനായ അങ്ങയില്‍ നിന്നുണ്ടാകും എന്ന് ഉറച്ച വിശ്വാസമുണ്ട്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു എന്ന കാര്യം പരാമര്‍ശിക്കുന്നു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും അത് സംഘര്‍ഷത്തിലേക്ക് നയിക്കും. നിയമസഭയില്‍ നില്‍ക്കുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.’ സതീശന്‍ പറഞ്ഞു.
സ്പീക്കറെ അഭിനന്ദിച്ചുകൊണ്ടും കേരളനിയമസഭാ ചരിത്രം പരാമര്‍ശിച്ചുകൊണ്ടുമാണ് വി.ഡി.സതീശന്‍ പ്രസംഗം ആരംഭിച്ചത്. നിയമസഭയിലെ ചര്‍ച്ചകള്‍ ഉന്നതനിലവാരത്തിലേക്കുയര്‍ത്താന്‍ സഭാ അംഗങ്ങള്‍ക്ക് സാധിക്കട്ടേയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിവും അനുഭവവും സമന്വയിച്ച വ്യക്തിയാണ് എം.ബി.രാജേഷെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. സ്പീക്കറെ സന്തോഷപൂര്‍വം അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉത്തരവാദിത്തം എല്ലാ അര്‍ഥത്തിലും നിറവേറ്റാന്‍ കഴിയട്ടെ എന്നും സഭാനേതാവെന്ന നിലയില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും അറിയിച്ചു.

Related Articles

Back to top button