BREAKING NEWSKERALA

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നല്‍കില്ല; ഹര്‍ജി കോടതി തള്ളി

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.
തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നല്‍കരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. സ്വപ്നയുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചെന്ന് ഇഡി അഭിഭാഷകന്‍ വ്യക്തമാക്കി. മറുപടിയ്ക്ക് ഒരാഴ്ച സമയം വേണം. രഹസ്യമൊഴി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Related Articles

Back to top button