BREAKING NEWSNATIONAL

ഹനുമാന്‍ ജയന്തിയാഘോഷത്തിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം; ഒമ്പത് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയാഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അക്രമ സംഭവത്തില്‍ പോലീസുകാരടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. കലാപം, കൊലപാതക ശ്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കുനേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്നാണ് അക്രമസംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. ആളുകള്‍ സംഘം ചേര്‍ന്ന് കല്ലേറുനടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. ഡല്‍ഹി പോലീസ് കമ്മിഷണറോടും ക്രമസമാധാനച്ചുമതലയുള്ള സ്‌പെഷ്യല്‍ പോലീസ് കമ്മിഷണറോടും ഫോണില്‍ സംസാരിച്ച അമിത് ഷാ സാഹചര്യം വിലയിരുത്തി.
ജഹാംഗീര്‍പുരിയോടുചേര്‍ന്നുള്ള മറ്റുചില സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ രാകേഷ് അസ്താന പറഞ്ഞു. പ്രശ്‌നബാധിതപ്രദേശങ്ങളിലേക്ക് കൂടുതല്‍ പോലീസിനെ അയച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എല്ലാവരും സമാധാനംപാലിക്കണമെന്ന് അഭ്യര്‍ഥിച്ചു.

Related Articles

Back to top button