BREAKING NEWSNATIONAL

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി: സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയം

ന്യൂഡല്‍ഹി: ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മൂന്നുമാസത്തെ സമയമാണ് അനുവദിച്ചത്. അതേസമയം കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം. ഓഗസ്റ്റ് 30ന്, ഹര്‍ജി ഇനി പരിഗണിക്കുന്നതിന് മുന്‍പ് ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു. എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉത്തരവിടാന്‍ കഴിയില്ല. ഇത്തരം ചില വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മുന്‍ നിലപാട് മാറ്റി, കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷപദവി നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സംസ്ഥാനങ്ങളോടും ബന്ധപ്പെട്ട കക്ഷികളോടും ചര്‍ച്ച നടത്തുമെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
ഭാവിയില്‍ അപ്രതീക്ഷിതമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ചര്‍ച്ചയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങള്‍ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നിലപാട്. ദേശിയ ന്യൂനപക്ഷ കമ്മിഷന്‍ നിയമ പ്രകാരം രാജ്യത്ത് ആറ് മത വിഭാഗങ്ങള്‍ക്ക് മാത്രമാണ് ന്യൂനപക്ഷ പദവി നല്‍കുന്നത്. നിലവില്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ളത്.

Related Articles

Back to top button