ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നല്‍കിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തു. സിപിഎം ആലപ്പുഴ ഏരിയ കമ്മറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
രണ്ട് ദിവസം മുന്‍പ് നല്‍കിയ പരാതിയിലാണ് കേസ്. കേസില്‍ ബിപിന്‍ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. ബിപിന്‍ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. തന്റെ കരണത്തടിച്ചു, അയണ്‍ ബോക്‌സ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തിനും മര്‍ദിച്ചുവെന്നും ഭാര്യ പറയുന്നു.
ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കൊച്ചിയിലെ യോഗത്തില്‍ വിട്ടു നിന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍ പികെ കൃഷ്ണദാസ്, എംടി രമേശ്, ശോഭ സുരന്ദ്രന്‍ അടക്കമുള്ള നേതാക്കളും സ്വീകരണ യോഗത്തിലുണ്ടായിരുന്നു. ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രന്റെ പ്രതികരണം. ആലപ്പുഴയില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റ മുന്‍ പ്രസിഡന്റ്, എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. നേരത്തേ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ തല്ലിയെന്ന പരാതിയില്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യന്‍ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന ബിബിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഈ കേസിലെ പ്രതിയുമായ ബിപിന്‍ സി ബാബു സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.
41 1 minute read