KERALALATEST

100 പവന്‍, ഒരു ഏക്കര്‍ സ്ഥലം, കാര്‍… എന്നിട്ടും അവര്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി

കൊല്ലം: ‘ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വര്‍ണം, പത്തു ലക്ഷത്തില്‍ താഴെ വിലവരുന്ന ഒരു കാര്‍.. എന്നിട്ടും’– കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ പിതാവ് മാധ്യമങ്ങളോടു നെഞ്ചുപൊട്ടി പറഞ്ഞ വാക്കുകളാണിത്. കല്യാണത്തിനു ശേഷം കാര്‍ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചതെന്നും അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു. വായ്പയെടുത്താണു വാഹനം വാങ്ങിയത്. അതുകൊണ്ടാണു പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിയാതിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് ആരോപിച്ചു.
നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു വിസ്മയ തന്നെ പറയുന്ന സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു. ‘ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ മുടിയില്‍ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി’– ക്രൂര മര്‍ദനമാണു ഭര്‍ത്താവ് കിരണില്‍നിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റില്‍ വ്യക്തമാക്കുന്നു.
മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരണ്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും. കേസെടുത്തെന്നും റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. വിസ്മയയുടേത് കൊലപാതകം തന്നെയാണെന്നു സഹോദരന്‍ വിജിത് ആരോപിച്ചു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടില്‍ വന്നു നില്‍ക്കുന്ന സാഹചര്യമുണ്ടായി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചു കിരണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും വിജിത് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker