ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിഎന്‍ജി പവര്‍ മോട്ടോര്‍ സൈക്കിളായ ഫ്രീഡം125 പുറത്തിറക്കി ബജാജ് കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. 95,000 മുതല്‍ എക്‌സ്‌ഷോറും വില വരുന്ന ഈ മോഡല്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളാണ്. ഡ്രം, ഡ്രം ലെഡ്, ഡിസ്‌ക് ലെഡ് എന്നീ മൂന്ന് വേരിയന്‌റുകളിലാണ് ഈ ബൈക്ക് ലഭ്യമാകുക. ഏഴ് ഡ്യുവല്‍ കളര്‍ ഓപ്ഷനുകളുമുണ്ട്.
മോട്ടോര്‍ സൈക്കിളിന്‌റെ ഏറ്റവും പ്രധാന ഭാഗത്തേക്ക് വരുമ്പോള്‍ സിഎന്‍ജി + പെട്രോള്‍ 125 സിസി, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 9.5 എച്ച്പിയും 9.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സുമുണ്ട്. കൂടാതെ സീറ്റിനടിയിലുള്ള രണ്ട് ലിറ്റര്‍ സിഎന്‍ജി ടാങ്കും രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും ചേര്‍ന്ന് 330 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മോട്ടോര്‍ സൈക്കിളിന് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു സ്വിച്ച് ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം. രണ്ട് ഇന്ധനങ്ങള്‍ക്കും ഫില്ലര്‍ ക്യാപ് ഉള്ളതിനാല്‍ ഇന്ധനം നിറയ്ക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല.