BREAKINGINTERNATIONAL

102 വയസൊക്കെ ചെറുപ്പം, സ്വപ്നം സ്‌ട്രോങ്ങാണെങ്കില്‍; 7 ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് ഡൊറോത്തി

നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ പ്രായം ഒരു തടസമാണോ? അല്ല, ആരോ?ഗ്യമുണ്ടെങ്കില്‍ ഏത് പ്രായത്തിലും ഏത് സ്വപ്നവും നമുക്ക് നടത്തിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള മനസ് വേണം എന്ന് മാത്രം. അതിന് ഉത്തമ ഉദാഹരണമാണ് ഈ 102 -കാരി. ഡൊറോത്തി സ്മിത്ത് ഇപ്പോള്‍ ഏഴു ഭൂഖണ്ഡങ്ങളിലും സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആയി മാറിയിരിക്കുകയാണ്.
‘Yes Therory’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന അമാര്‍ കണ്ടിലും സ്റ്റാഫാന്‍ ടെയ്ലറുമാണ് ഡൊറോത്തിയുടെ സ്വപ്നം സാക്ഷാത്കരിച്ചത്. ഒക്ടോബറില്‍ കാലിഫോര്‍ണിയയിലെ മില്‍ വാലിയിലെ റെഡ്വുഡ്സ് റിട്ടയര്‍മെന്റ് വില്ലേജില്‍ ഒരു സ്റ്റോറി ചെയ്യാനായി പോയപ്പോഴാണ് ഇരുവരും ഡൊറോത്തിയെ കാണുന്നത്.
ഡൊറോത്തിക്ക് യാത്ര ചെയ്യാന്‍ എത്രമാത്രം ഇഷ്ടമാണ് എന്ന് അവരുടെ സംസാരത്തില്‍ നിന്നും ഇരുവര്‍ക്കും മനസിലായി. ഏഴ് ഭൂഖണ്ഡങ്ങളും കാണാനുള്ള തന്റെ ആഗ്രഹം അവര്‍ ആ യുവാക്കളോട് വെളിപ്പെടുത്തി. നേരത്തെ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, യൂറോപ്പ് എന്നിവ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഓസ്ട്രേലിയയില്‍ അവര്‍ പോയിരുന്നില്ല.
”യാത്രകള്‍ എനിക്ക് വളരെ പ്രധാനമാണ്, കാരണം അതൊരു വലിയ ലോകമാണ്, ഓരോ രാജ്യവും വ്യത്യസ്തമായ എന്തെങ്കിലും നമുക്ക് വേണ്ടി കാത്തുവച്ചിട്ടുണ്ടാകും. എനിക്ക് അവയെല്ലാം കാണണം, ഈ ജീവിതത്തില്‍ അതില്‍ ഒന്നും നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഒരു അഭിമുഖത്തില്‍ ഡൊറോത്തി പറഞ്ഞത്.
തുടര്‍ന്ന് കാന്‍ഡിലും ടെയ്ലറും ഡോറോത്തിക്ക് തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. അവര്‍ ഡെസ്റ്റിനേഷന്‍ NSW, Qantas എന്നിവയുമായി സഹകരിച്ചാണ് ഡൊറോത്തിയുടെ ഓസ്ട്രേലിയ സന്ദര്‍ശനത്തിനായുള്ള യാത്രാ പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞയാഴ്ച ഡോറോത്തിയും മകള്‍ അഡ്രിയെന്നും സിഡ്നിയിലേക്ക് പറന്നു. അവരുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. കാന്‍ഡിലും ടെയ്ലറും യാത്രയില്‍ അവരെ അനുഗമിച്ചു.
‘ഒരു സ്വപ്നത്തിനും പ്രായം തടസമല്ല, ഒട്ടും വൈകിയിട്ടില്ല സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക്’ എന്നാണ് മറ്റുള്ളവരോട് ഡൊറോത്തിക്ക് പറയാനുള്ളത്.

Related Articles

Back to top button