ചൈനയില്‍ 104 ദിവസങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്ത 30 -കാരന്‍ അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് മരണപ്പെട്ടു. 104 പ്രവൃത്തി ദിവസങ്ങള്‍ക്കിടയില്‍ ഒരു അവധി ദിനം മാത്രമാണ് ജോലി ചെയ്തിരുന്ന കമ്പനി ഇദ്ദേഹത്തിന് നല്‍കിയിരുന്നത്. യുവാവിന്റെ മരണത്തോടെ അമിത ജോലി ചെയ്യേണ്ടി വരുന്ന ചൈനീസ് തൊഴില്‍ സംസ്‌ക്കാരം വീണ്ടും ചര്‍ച്ചയാവുകയാണ്.
ഷെജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ആബാവോ എന്ന ആളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദി കമ്പനിയാണെന്ന് ഷെജിയാങ് പ്രവിശ്യയിലെ കോടതി വിധിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂമോകോക്കല്‍ അണുബാധ മൂലമുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറ് മൂലമാണ് അബാവോ മരിച്ചതെന്ന് കോടതി കണ്ടെത്തി.
ചൈനയില്‍ വ്യാപകമായ പ്രതിഷേധത്തിനാണ് ഈ സംഭവം കാരണമായിരിക്കുന്നത്. കമ്പനിയുടമകള്‍ തൊഴിലാളികളോട് നടത്തുന്ന ചൂഷണത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് പ്രസ്തുത കമ്പനിയില്‍ പെയിന്ററായി അബാവോ ജോലിയില്‍ കയറിയത്. ഈ വര്‍ഷം ജനുവരി വരെ നീളുന്നതായിരുന്നു കരാര്‍. തുടര്‍ന്ന് കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു പ്രോജക്ടില്‍ അദ്ദേഹം ജോലി ചെയ്തു തുടങ്ങി. കരാര്‍ ഒപ്പിട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ മെയ് വരെ ഒരു ദിവസം ഒഴികെ 104 ദിവസം അബാവോ ജോലി ചെയ്തു, ഏപ്രില്‍ 6 ന് ഒരു വിശ്രമദിനം മാത്രം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്.
മെയ് 25 -ന്, ശാരീരികക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആ ദിവസം അദ്ദേഹം ജോലിക്ക് പോയില്ല. തൊട്ടടുത്ത രണ്ടുദിവസങ്ങളിലും അദ്ദേഹം വീണ്ടും ജോലിക്ക് പോയി. എന്നാല്‍ മെയ് 28 -ന്, അബാവോയുടെ അവസ്ഥ വഷളായി. ശ്വാസകോശത്തിലെ അണുബാധയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. ജൂണ്‍ ഒന്നിന് അദ്ദേഹം മരിച്ചു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍, സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍ മരണകാരണം ജോലിസംബന്ധമായതാണെന്ന് പറയാന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ അബാവോയുടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തൊഴിലുടമയുടെ അനാസ്ഥ ആരോപിച്ച് കുടുംബം നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തു. മറുപടിയായി, അബാവോയുടെ ജോലിഭാരം അദ്ദേഹത്തിന് സ്വയം കൈകാര്യം ചെയ്യാവുന്നതാണെന്നും ഓവര്‍ടൈമും തൊഴിലാളികള്‍ സ്വമേധയാ എടുക്കുന്നതാണെന്നും കമ്പനി വാദിച്ചു.
മുമ്പുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളും സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലിന്റെ അഭാവവുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നും അവര്‍ വാദിച്ചു.
എന്നാല്‍, 104 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ചൈനീസ് തൊഴില്‍ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ചൈനീസ് തൊഴില്‍ നിയമപ്രകാരം പ്രതിദിനം പരമാവധി 8 പ്രവൃത്തി മണിക്കൂറും ഒരു ആഴ്ചയില്‍ ശരാശരി 44 മണിക്കൂറും ആണ് അനുവദനീയം.
കമ്പനിയുടെ തൊഴില്‍ ചട്ടങ്ങളുടെ ലംഘനം അബാവോയുടെ പ്രതിരോധശേഷി വഷളാകുന്നതിനും ആത്യന്തികമായി മരണത്തിലേക്ക് നയിക്കുന്നതിനും കാരണമായെന്നും അതിനാല്‍ ഈ ദുരന്തത്തില്‍ കമ്പനിക്ക് 20% ഉത്തരവാദിത്തം ഉണ്ടെന്നും കോടതി വിധിച്ചു. മരണം മൂലം കുടുംബാം?ഗങ്ങള്‍ക്കുണ്ടായ മാനസിക സംഘര്‍ഷത്തിന് 10,000 യുവാന്‍ ഉള്‍പ്പെടെ ആകെ 400,000 യുവാന്‍ (56,000 യുഎസ് ഡോളര്‍) നഷ്ടപരിഹാരമായി കമ്പനി നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
69 1 minute read