BREAKINGNATIONAL

‘112ല്‍ വിളിച്ചില്ലായിരുന്നെങ്കില്‍…’; രാത്രി ഓല ബുക്ക് ചെയ്തപ്പോഴുണ്ടായ പേടിപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

ബെംഗളൂരു: വ്യാജ കാബ് ഡ്രൈവറില്‍ നിന്നുണ്ടായ പേടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി. ഓല ടാക്‌സി ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആള്‍മാറാട്ടം നടത്തിയെത്തുന്ന ഡ്രൈവര്‍മാര്‍ സൃഷ്ടിക്കുന്ന അപകട സാധ്യതകളെ കുറിച്ച് നികിത മാലിക് എന്ന യുവതിയാണ് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടത്. 112 എന്ന നമ്പറില്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ഈ കുറിപ്പിടാന്‍ താന്‍ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ഉറപ്പില്ലെന്ന് യുവതി പറയുന്നു.
ഡല്‍ഹിയില്‍ നിന്നെത്തിയ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ നികിത ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പിക്കപ്പ് സ്‌പോട്ടില്‍ നിന്ന് രാത്രി 10.30 ഓടെയാണ് ടാക്‌സി ബുക്ക് ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ടാക്‌സിയെത്തി. ഓലയില്‍ മിനി കാബ് ആണ് ബുക്ക് ചെയ്തതെങ്കിലും വന്നത് സെഡാന്‍ ആണ്. എന്തോ പിശക് സംഭവിച്ചിട്ടുണ്ടെന്ന് താന്‍ ഡ്രൈവറോട് പറഞ്ഞെന്ന് നികിത കുറിച്ചു. ഈ കാറില്‍ എത്തിക്കാമെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. പക്ഷേ കാബില്‍ കയറുമ്പോള്‍ നിര്‍ബന്ധമായി നല്‍കേണ്ട ഒടിപി ഡ്രൈവര്‍ ചോദിച്ചില്ല. ഒഫീഷ്യല്‍ ആപ്പില്‍ തകരാറുണ്ടെന്നും പോകേണ്ട സ്ഥലം പേഴ്‌സനല്‍ ആപ്പില്‍ നല്‍കാനും ഡ്രൈവര്‍ ആവശ്യപ്പെട്ടു. ടാക്‌സി മുന്നോട്ടു പോകവേ ഡ്രൈവര്‍ ആപ്പില്‍ കാണിച്ചതിലും കൂടുതല്‍ നിരക്ക് വേണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിവിടാമെന്നാണ് ഡ്രൈവര്‍ നികിതയോട് പറഞ്ഞത്.
അപകടം മനസ്സിലാക്കിയ നികിത വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവര്‍ അത് അവഗണിച്ചെന്ന് മാത്രമല്ല, കാര്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഇന്ധനമടിക്കാന്‍ 500 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ 112ല്‍ ബന്ധപ്പെടുകയും ഒരു ബന്ധുവിന് തന്റെ ലൈവ് ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്‌തെന്ന് നികിത പറയുന്നു. 20 മിനിറ്റിനുള്ളില്‍ പൊലീസെത്തി ബസവരാജ് എന്ന ആള്‍മാറാട്ടക്കാരനെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button