AUTOBREAKING NEWSFOUR WHEELERNATIONAL

12 കോടിയുടെ മേബാക്ക് കാര്‍ മോദി വാങ്ങി

ന്യൂഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കാര്‍ വാങ്ങുന്നു. മേഴ്‌സിഡസിന്റെ മേബാക്ക് എസ്650 ഗാര്‍ഡ് ആണ് പുതിയതായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തുന്ന കാര്‍. ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തില്‍ നിന്നും റേഞ്ചര്‍ റോവര്‍ വോഗും ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സറുമാണ് മാറ്റുക.
കാര്‍ ആന്റ് ബൈക്ക് പോര്‍ട്ടല്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ പുതിയ വാഹനത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി എത്തിയത് മേബാക്ക് 650യില്‍ ആയിരുന്നു. പിന്നീടും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പുതിയ വാഹനം കണ്ടെത്തിയിരുന്നു.
മേബാക്കിന്റെ എസ്600 ഗാര്‍ഡ് എന്ന മോഡല്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 10.5 കോടിയാണ് വിലമതിക്കുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി എത്തുന്നത്. വിആര്‍10 ലെവല്‍ പ്രൊട്ടെക്ഷനോടുകൂടിയ പുതിയ മോഡലായ മേഴ്‌സഡസ് മേബാക്ക് എസ്650 ഗാര്‍ഡാണ് വാങ്ങിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് എസ്പിജി ഗ്രൂപ്പാണ്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടുതല്‍ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടി പുതിയ വാഹനം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇതിനായി എസ്പിജി ഒരേപോലുള്ള മറ്റ് വാഹനങ്ങള്‍ വാങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന മേബാക്ക് എസ്650 ഗാര്‍ഡ് 6 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണുള്ളത്.
സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന വാഹനമാണ് മേബാക്ക് എസ്650 ഗാര്‍ഡ്. വാഹനത്തിന്റെ സൈഡ് ഗ്ലാസുകള്‍ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തരത്തില്‍ കട്ടിയുള്ള സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന് പുറമെ, 2 മീറ്റര്‍ അകലത്തിലുണ്ടാകുന്ന 15 കിലോഗ്രാമിന്റെ ടിഎന്‍ടി സ്‌ഫോടനത്തെ വരെ മറികടക്കാവുന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
കാറിന്റെ ജനലിന്റെ ഉള്‍വശത്ത് പോളീകാര്‍ബനേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നേരിട്ടുള്ള സ്‌ഫോടനങ്ങളെ പ്രതിരോധിക്കുന്നതിന് വാഹനത്തിന്റെ താഴെ ഭാഗത്ത് ശക്തമായ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. അതിന് പുറമെ കെമിക്കല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ക്യാബിനില്‍ പ്രത്യേക എയര്‍ സപ്ലൈയും ഒരുക്കിയിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പ്രധാനമന്ത്രി മോദിക്ക് യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോര്‍പ്പിയോ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്., 2014ല്‍ പ്രധാനമന്ത്രി ആയതിന് പിന്നാലെ ബിഎംഡബ്ലിയു 7 സീരിയസിലുള്ള വാഹനവും എത്തിയിരുന്നു. ഈ ശ്രംഖലയിലെ ഏറ്റവും ഒടുവിലുള്ള വാഹനമാണ് മേഴ്‌സിഡസിന്റെ മേബാക്ക് എസ്650 ഗാര്‍ഡ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker