BREAKINGINTERNATIONAL

12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടല്‍ ലോബിയില്‍ മൂത്രമൊഴിച്ചതിന് ജോലി പോയ മുന്‍ ലെനോവോ ജീവനക്കാരന്‍

ഹോട്ടല്‍ ലോബിയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ ജോലി പോവുക. അങ്ങനെയൊരു കാര്യം ചിന്തിക്കാനാവുമോ ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. 66 -കാരനായ റിച്ചാര്‍ഡ് ബെക്കറിനാണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെക്കര്‍ കേസ് കൊടുത്തിരിക്കുകയാണ്.
ലെനോവോയിലെ സെയില്‍സ്മാനായിരുന്നു ബെക്കര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ബിസിനസ് ട്രിപ്പ് പോയതാണ് അദ്ദേഹം. ടൈംസ് സ്‌ക്വയര്‍ വെസ്റ്റിനിലാണ് അന്നദ്ദേഹം താമസിച്ചത്. ബിസിനസ് മീറ്റിംഗിനിടെ പലതവണ അദ്ദേഹത്തിന് ബാത്ത്‌റൂമിലേക്ക് പോകേണ്ടതായി വന്നു. അവസാനമായി മീറ്റിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോകവേ ബെക്കറിന് വീണ്ടും കഠിനമായി മൂത്രമൊഴിക്കാന്‍ തോന്നുകയും അദ്ദേഹം അതിനായി ഓടുകയും ചെയ്തു. എന്നാല്‍, മുറിയിലെത്തുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലോബിയില്‍ മൂത്രമൊഴിച്ചു പോയി.
താന്‍ ഒരു യൂറോളജിസ്റ്റിനെ കാണുന്നുണ്ട് എന്നും 2016 മുതല്‍ താന്‍ ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയാണ് എന്നും അതാണ് ഈ അവസ്ഥകള്‍ക്ക് ഒക്കെ കാരണം എന്നും ബെക്കര്‍ പറയുന്നു.
എന്തായാലും, ഹോട്ടല്‍ ലോബിയില്‍ നടന്ന സംഭവം ബെക്കറിന്റെ സഹപ്രവര്‍ത്തകന്‍ കാണുകയും ഇയാള്‍ ഇത് മനപ്പൂര്‍വ്വം കമ്പനിയില്‍ അറിയിക്കുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ ലെനോവോ ബെക്കറിനെ പിരിച്ചുവിട്ടു. ഇപ്പോള്‍ ബെക്കര്‍ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. $1.5 മില്ല്യണ്‍ (12.6 കോടി) നഷ്ടപരിഹാരം തരണമെന്നാണ് ബെക്കറിന്റെ ആവശ്യം.
തന്റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. തന്റെ അസുഖത്തെ കുറിച്ച് കമ്പനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കമ്പനി തന്നോട് വിവേചനം കാണിച്ചു എന്നെല്ലാം കാണിച്ചാണ് ബെക്കര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button