BREAKINGINTERNATIONAL

121 വര്‍ഷം മുമ്പ് അയച്ച പോസ്റ്റ് കാര്‍ഡ് ഉടമയെ തേടിയെത്തി; പക്ഷേ, കിട്ടിയത് മൂന്നാം തലമുറയുടെ കൈയില്‍

  • ഇന്ന് ആളുകള്‍ കത്തെഴുതുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ തൊണ്ണൂറുകളുടെ അവസാനം വരെ, ടെലിഫോണ്‍ പ്രചാരത്തിലാകുന്ന കാലത്തോളം എഴുത്തുകളായിരുന്നു മനുഷ്യന് വിദൂര ദേശങ്ങളിലുള്ളവരുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം. അതേസമയം ഇങ്ങനെ അയക്കുന്ന കത്തുകള്‍ പലപ്പോഴും യഥാസ്ഥാനത്ത് എത്താറില്ലെന്നത് മറ്റൊരു കാര്യം. മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ വൈകിയും കത്തുകള്‍ യഥാര്‍ത്ഥ ഉടമകളെ തേടിയെത്തിയ വാര്‍ത്തകള്‍ ഇതിന് മുമ്പും നമ്മള്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ 121 വര്‍ഷം കഴിഞ്ഞ് ഒരു കത്ത് യഥാര്‍ത്ഥ ഉടമയെ തേടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ യഥാര്‍ത്ഥ ഉടമ മരിച്ചിരുന്നെങ്കിലും അവരുടെ മൂന്നമത്തെ തലമുറയ്ക്ക് കത്ത് ലഭിച്ചു. 121 വര്‍ഷം പഴക്കമുള്ള ഒരു പോസ്റ്റ്കാര്‍ഡാണ് യഥാര്‍ത്ഥ അഡ്രസിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്.
    സംഭവം അങ്ങ് ഇംഗ്ലണ്ടിലെ വെല്‍സിലാണ്. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റി ജീവനക്കാര്‍, ആഗസ്റ്റ് 16-ന് തങ്ങളുടെ ക്രാഡോക്ക് സ്ട്രീറ്റ് ആസ്ഥാനത്തേക്ക് എത്തിയ ഒരു പോസ്റ്റ് കാര്‍ഡ് കണ്ട് ആദ്യം അമ്പരന്നു. പതിവ് എഴുത്തുകുത്തുകളുടെ ഇടയില്‍ എഡ്വേര്‍ഡ് VII രാജാവിന്റെ സ്റ്റാമ്പ് പതിച്ച ഒരു പോസ്റ്റ് കാര്‍ഡ്! പോസ്റ്റ് കാര്‍ഡ് അയച്ചിരിക്കുന്നത് 1903 ആഗസ്റ്റ് 3 ന്. അതായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 121 വര്‍ഷം മുമ്പ്. അന്ന് പ്രദേശത്ത് ബാങ്കുകളേക്കാള്‍ കൂടുതല്‍ വീടുകളായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഒരു വീട്ടില്‍ താമസിച്ചിരുന്ന ലിഡിയ ഡേവീസ് എന്ന സ്ത്രീയുടെ അഡ്രസില്‍ എവാര്‍ട്ട് എന്നയാളാണ് കാര്‍ഡ് അയച്ചിരിക്കുന്നത്. പോസ്റ്റ് കാര്‍ഡിന്റെ മറുവശത്ത് എഡ്വിന്‍ ഹെന്റി ലാന്‍ഡ്സീറിന്റെ മാസ്റ്റര്‍പീസ് ‘ദ ചലഞ്ചി’ന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം പ്രിന്റ് ചെയ്തിരുന്നു. കൂടാതെ പെംബ്രോക്ക്ഷയറിലെ ഫിഷ്ഗാര്‍ഡിന്റെ തപാല്‍ രേഖയും കാര്‍ഡില്‍ പതിഞ്ഞിരുന്നു. ഒപ്പം പോസ്റ്റ് മാര്‍ക്കായി ‘എയു 23 03’ (ഓഗസ്റ്റ് 23, 1903) എന്ന തിയതിയും രേഖപ്പെടുത്തിയിരുന്നു.

നൂറ്റാണ്ട് മുമ്പ് അയച്ച പോസ്റ്റ് കാര്‍ഡ് ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘ആവേശകരമായിരുന്നു’ എന്നാണ് സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ ഹെന്റി ഡാര്‍ബി, സ്‌കൈ ന്യൂസിനോട് പറഞ്ഞത്. ഒപ്പം തങ്ങളുടെ സമൂഹ മാധ്യമത്തില്‍ നൂറ്റാണ്ട് പഴക്കമുള്ള പോസ്റ്റ് കാര്‍ഡ് പങ്കുവച്ചപ്പോള്‍ അത് സംബന്ധിച്ച് നിരവധി ആവേശകരമായ കുറിപ്പുകളാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റിയുടെ ഉടമകളില്‍ ഒരാളുടെ മുത്തശ്ശിയാണ് ലിഡിയ ഡേവീസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പുരാതന സ്റ്റാമ്പിനൊപ്പം ഈ കാര്‍ഡ് എങ്ങനെയാണ് ഇപ്പോള്‍ യഥാര്‍ത്ഥ അഡ്രസിലേക്ക് എത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയല്‍ മെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button