തിരുവനന്തപുരം: കൈകള്‍ ഇനി ചലിക്കില്ലെന്ന് മെഡിക്കല്‍ കൊളജിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ അനില്‍കുമാര്‍ കൈകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങി. പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി. നന്നായി ഭക്ഷണം കഴിക്കും, സംസാരിക്കും. ചൊവ്വാഴ്ച പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആരോഗ്യാവസ്ഥ പരിശോധിക്കുന്നുണ്ട്.
ആശുപത്രിയിലെ ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അനിലിപ്പോള്‍. തന്നോട് മെഡിക്കല്‍ കൊളജ് അധികൃതര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. കൊടും ക്രൂരതയ്ക്കും മുകളില്‍ വാക്ക് വേണ്ടി വരും വിശേഷിപ്പിക്കാന്‍ എന്നാണ് പറയുന്നത്. ആശുപത്രിയിലെത്തി രണ്ട് ദിവസത്തിന് ശേഷം ഒര്‍മ നഷ്ടപ്പെട്ട് തുടങ്ങി. ദേഹത്തില്‍ മുറിവുകള്‍ ഉണ്ടായത് അറിഞ്ഞിരുന്നു. പറയാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും അനില്‍കുമാര്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ രക്ഷപെടില്ലെന്നുറപ്പിച്ച് ഉപേക്ഷിച്ചിടത്തു നിന്ന് പേരൂര്‍ക്കട ആശുപത്രിയിലെ ചികില്‍സയിലൂടെയാണ് അനില്‍ കുമാറിന്റെ അതിജീവനം. ദീര്‍ഘകാലം മികച്ച ചികില്‍സ ലഭിച്ചാല്‍ ആരോഗ സ്ഥിതി ഇനിയും മെച്ചമാകുമെന്നാണ് പ്രതീക്ഷ. അര്‍ബുദ രോഗിയായ ഭാര്യയുടെ ചികില്‍സയ്ക്കായും കുടുംബം ബുദ്ധിമുട്ടുകയാണ്. അതിനിടെയാണ് അനില്‍കുമാറിന് ദുരിതം നേരിടേണ്ടി വന്നത്.